തിരുവനന്തപുരം: സിസേറിയന് ശസ്ത്രക്രിയയ്ക്കിടെ പഞ്ഞി യുവതിയുടെ വയറ്റിനുള്ളില്‍ ആയിപ്പോയി. പിന്നെ വയറ്റിനുള്ളിലായ പഞ്ഞി പുറത്തെടുക്കാന്‍ യുവതിക്ക് രണ്ട് ശസ്ത്രക്രിയകള്‍ കൂടി നടത്തി. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജന്‍ ബംഗ്ലാവില്‍ അല്‍ഫിന അലി (22)യാണ് ഡോക്ടറുടെ അശ്രദ്ധകൊണ്ട് ദുരിതത്തിലായത്.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. സിസേറിയന് ശേഷം തുന്നി കെട്ടിയ വയര്‍ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥതകളുമായി പുളയുകയാണ് അല്‍ഫിന.
സെപ്റ്റംബര്‍ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ നടത്തിയത്. സിസേറിയന് കഴിഞ്ഞ അന്നു തന്നെ അല്‍ഫിനയ്ക്ക് വയറിനുള്ളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം അവര്‍ ഡോക്ടറോട് പറയുകയും ചെയ്തു. എന്നാല്‍ ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി.
ആശുപത്രി വിട്ട് വീട്ടിലെത്തി നാല് ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവില്‍ വേദന കൂടിയതോടെ ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നു നടത്തിയ സ്കാനിങിലാണ് വയറ്റില്‍ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോള്സര്ജറി നടത്തി. അത് ഫലം കാണാതായതോടെ വയര്‍ കീറി പഞ്ഞി പുറത്തെടുക്കുകയായിരുന്നു.
തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയില്‍ പരാതി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ചെന്നും മകള്‍ക്ക് നീതി ലഭിക്കണം, സര്‍ക്കാര്‍ ഇടപെടണമെന്നും അല്‍ഫിനയുടെ പിതാവ് പറഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കള്‍.
കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലത്ത് ചികിത്സപ്പിഴവുമൂലം ഏഴുവയസ്സുകാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും സംസ്ഥാനത്ത് ചികിത്സപ്പിഴവ് വാര്‍ത്തകളില്‍ നിറയുന്നത്. കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഏഴുവയസ്സുകാരിയുടെ മരണം. ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എഴുകോണ്‍ മാറനാട് കുറ്റിയില്‍വീട്ടില്‍ സിഎസ് സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ് ലക്ഷ്മിയാണ് മരിച്ചത്. കാലിലെ വളവ് മാറ്റുന്നതിന് കടപ്പാക്കടയിലുള്ള ഒരു ആശുപത്രിയില്‍ ആദ്യക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് കുട്ടി മരിച്ചു.