പത്തനംതിട്ട: പ്രധാനമന്ത്രി വരെ പ്രചാരണത്തിന് എത്തിയിട്ടും രക്ഷയായില്ല. കോന്നി പിടിച്ചടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍. ദേശിയ നേതാക്കള്‍ അണിനിരന്നിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനു കോന്നിയില്‍ മൂന്നില്‍ ഒരുഭാഗം വോട്ട് നഷ്ടമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളമാകെ ഉറ്റുനോക്കിയ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിറ്റിങ് എംഎല്‍എ കെയു ജനീഷ് കുമാര്‍ 85,08 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജനീഷിന് 62,318 വോട്ടും യുഡിഎഫിന്റെ റോബിന് പീറ്റര്‍ 53810 വോട്ടും നേടി.
ബിജെപിയുടെ കെ സുരേന്ദ്രന് 32,811 വോട്ടുമായി മൂന്നാമതാണ് എത്തിയത്. മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മല്‍സരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം രണ്ടു മുന്നണികളെയും ആശയക്കുഴപ്പത്തിലാക്കിയങ്കിലും അവസാനം സുരേന്ദ്രന് രണ്ടിടത്തും പാരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോന്നിയില്‍ മത്സരിച്ച സുരേന്ദ്രന് ഇത്തവണ ഉണ്ടായ വോട്ട് ചോര്‍ച്ച പ്രധാന ചര്‍ച്ചയാണ്. 2019 ഒക്ടോബര്‍ 21ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 39,786 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 32,811 വോട്ട് മാത്രമാണ് കിട്ടിയത്. 6,975 വോട്ടിന്റെ കുറവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 46,506 വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 13,695 വോട്ടിന്റെ കുറവ്.
കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രന് മത്സരിക്കുന്നത് പ്രചാരണത്തിനു തടസ്സം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അത് കാര്യമാക്കാതെയാണ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയുള്ള പ്രചാരണം. പക്ഷെ ഒന്നും ഫലംകണ്ടില്ല.