പന്തളം: ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ ജപ്തി നടപടി ഒഴിവാക്കി നിര്‍ധനകുടുംബത്തെ രക്ഷിച്ച ബാങ്ക് മാനേജര്‍ക്ക് അഭിനന്ദനപ്രഹാവം. കേരള ബാങ്ക് പന്തളം ശാഖാ മാനേജര്‍ കെ സുശീലയാണ് ആരോരും സഹായിക്കാനില്ലാത്ത രാജമ്മയുടെ കുടുംബത്തെ ജപ്തിയില്‍ നിന്നു ഒഴിവാക്കി നന്മയുടെ വെളിച്ചമായി മാറിയത്.
മാതൃകാപരമായ പ്രവര്‍ത്തനത്തിന് കെ സുശീലയെ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ഭരണ സമിതി അംഗങ്ങളും അനുമോദിച്ചു. ബാങ്കിന് വേണ്ടി ആലപ്പുഴ റീജനല്‍ ജനറല്‍ മാനേജര്‍ ലതാ പിള്ള, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഷീലാ മേരി, പത്തനംതിട്ട സിപിസി ഹെഡ് ഉഷാകുമാരി, എസ്റ്റാബ്ലിഷ്മെന്റ് സൂപ്രണ്ട് അജയകുമാര്‍ എന്നിവരും ബാങ്കിലെത്തി അനുമോദിച്ചു.
സിപിഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യം രവീന്ദ്രന്, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എന്നിവര്‍ മാനേജരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
തോന്നല്ലൂര്‍ ഇളശേരില്‍ കെ രാജമ്മയ്ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവില്‍ കിടപ്പാടം തിരികെ കിട്ടിയത്. വീടു പണിക്കെടുത്ത വായ്പ കുടിശികയായപ്പോള്‍ രാജമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ രാജമ്മയ്ക്ക് താങ്ങായി കൂടെനില്‍ക്കുകയായിരുന്നു.
പണിതീരാത്ത വീടും അതില്‍ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോള്‍ അവര്‍ ജപ്തി നടപടിയില്‍ നിന്നു പിന്മാറി. തുടര്‍ന്ന് ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിരിവെടുത്ത് കുടിശിക അടച്ച് രാജമ്മയ്ക്ക് കിടപ്പാടം തിരികെ നല്കി.
2008 മേയ് 30നാണ് ഇവര്‍ വീട് നിര്‍മാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. രാജമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനു പലവിധ പ്രതിസന്ധികള്‍ മൂലം വായ്പ തിരികെ അടയ്ക്കാനായില്ല. ചെറുജോലികള്‍ ചെയ്താണ് മൂവരും കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നുപേരും അവിവാഹിതരാണ്.
വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ വന്നതോടെ താമസിക്കാനായി പണിത ഷെഡ്ഡും ഇതിനിടെ കത്തിനശിച്ചു. 2010 നവംബര്‍ 4ന് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി. കുടിശിക അടക്കം തുക 2.50 ലക്ഷത്തോളമായിരുന്നു. ബാങ്ക് നടത്തിയ അദാലത്തില്‍ 1,28,496 രൂപ ഇളവ് ചെയ്തു നല്കി. ശേഷിക്കുന്ന തുകയുടെ കാര്യത്തില്‍ മാനേജര്‍ സുശീല സാവകാശം തേടി.
തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥരെയും മുന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി വാട്സാപ് ഗ്രൂപ്പിനു രൂപം കൊടുത്തു. രാജമ്മയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ 98,628 രൂപ ലഭിച്ചു. തുടര്‍ന്നു രാജമ്മയെ ബാങ്കില്‍ വിളിച്ചു വരുത്തി. വായ്പ കുടിശിക തീര്‍ത്ത് പ്രമാണവും കൈമാറി. ജീവിതത്തില്‍ നേരിട്ടിട്ടുള്ള സമാനരീതിയിലുള്ള അനുഭവങ്ങളാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പ്രേരണയായതെന്നു സുശീല പറയുന്നു.