മഠത്തുംചാല്‍: മകന് മെറിറ്റില്‍ എംബിബിഎസ് പ്രവേശനം ലഭിച്ച സന്തോഷത്തില്‍ ഉറ്റസുഹൃത്തിന് വീടുവയ്ക്കാന്‍ 3 സെന്റ് സ്ഥലം നല്കി സന്തോഷം പങ്കിട്ട് അച്ഛന്. ഒന്നിച്ചു പഠിച്ച് സുഹൃത്തുക്കളായ കൊറ്റനാട് ചുട്ടിപ്പാറയില്‍ സികെ രാജുവിനാണ് 3 സെന്റ് സ്ഥലം കൊറ്റനാട് കോനാലില്‍ ബിനോജ് നല്‍കിയത്.
കൊറ്റനാട് എസ്സിവി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഇരുവരും ഒരുമിച്ച് പഠിച്ചത്. ആ ബന്ധം ഇന്നും തുടര്‍ന്നുപോരുകയാണ്. മകന്റെ സീറ്റിന്റെ സന്തോഷത്തിനേക്കാള്‍ ഉപരി സഹപാഠിക്ക് വീട് നിര്‍മിക്കുവാന്‍ സ്ഥലം നല്കിയ ഈ അധ്യാപകന് നാടിന് മാതൃകയാവുകയാണ്.
രാജുവിന് റോഡരികില്‍ വീട് വയ്ക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്നത് ബിനോജിന്റെ വലിയ ആഗ്രഹമായിരുന്നു. മകന് വിന്നി കോശിക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചതിന്റെ സന്തോഷം രാജുവിന് സ്ഥലം നല്കി ബിനോജ് ആഘോഷിക്കുകയാണ്.
മഠത്തുംചാല്‍ മക്കൂട്ടുതറ റോഡില്‍ കവലയ്ക്ക് സമീപമാണ് ഭൂമി നല്‍കിയത്. വൃന്ദാവനം സേവ് ഔവര്‍ സൊസൈറ്റി സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് ബിനോജ്. സംഘടനയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൈമാറിയ ഭൂമിയില്‍ രാജുവിന് വീട് നിര്‍മിച്ചു നല്‍കാനാണ് ഇനി ബിനോജിന്റെ ശ്രമം.
സാമ്പത്തികമായി പരാധീനതകള്‍ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു രാജു. ഒരു കാലിന് സ്വാധീനക്കുറവുമുണ്ട്, ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന തുകയാണ് ഏക വരുമാനം. കുടുംബവീടിനോടു ചേര്‍ന്നു നിര്‍മിച്ച ചെറിയ ഒരു കൂരയിലാണ് രാജുവിന്റെ കുടുംബം കഴിയുന്നത്.