കിടങ്ങന്നൂര്‍: അഭയം തേടി അമ്മയും മകനും എത്തിയത് പോലീസ് സ്റ്റേഷനില്‍. കൈവിട്ടില്ല, ജനമൈത്രി പോലീസ് കൊച്ചു പെണ്ണിന് സുരക്ഷിതമായ ഇടം ഒരുക്കി നല്കി. ജനമൈത്രി പോലീസ് ഇടപെട്ടതോടെ കൊച്ചു പെണ്ണ് ഇനി കരുണാലയത്തില്‍ സുരക്ഷിതമായി ഉറങ്ങാം.
മെഴുവേലി കണ്ണന് കുളഞ്ഞിയില്‍ കൊച്ചു പെണ്ണിനാണ് (73) ഇലവുംതിട്ട ജനമൈത്രി പോലീസും കരുണാലയവും ചേര്‍ന്ന് അഭയമൊരുക്കിയത്. 3 വര്‍ഷം മുന്‍പ് ഭര്‍ത്താവ് രാമന് മരിച്ചതോടെ റാന്നിയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാരനായ മൂത്തമകന്റെ സംരക്ഷണയിലായിരുന്നു ഇവര്‍.
മകന് ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതം ഉണ്ടായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ശരീരത്തിന്റെ ഇടതുവശം ഭാഗികമായി തളര്‍ന്നു. തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായി. ഗത്യന്തരമില്ലാതെ ഇയാള്‍ അമ്മയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് എസ്ഐ ടിജെ ജയേഷ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ എസ് അന്‍വര്‍ഷ എന്നിവരുടെ നേതൃത്വത്തില്‍ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറിന്റെയും കരുണാലയം ചെയര്മാന് അബ്ദുല്‍ അസീസിന്റെയും സാന്നിധ്യത്തില്‍ കരുണാലയം അമ്മവീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.