കോന്നി: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വീട്ടുകാര്‍ ശകാരിച്ച പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. മണ്ണീറ മൈലക്കല്‍ വീട്ടില്‍ രഘുവിന്റെ മകള്‍ ആര്‍ദ്ര(15)യാണ് മരിച്ചത്.
ആര്‍ദ്ര വീട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും മറ്റും ആശ്രയിച്ചിരുന്നതും ഇതേ ഫോണായിരുന്നു. എന്നാല്‍ ക്ലാസ്സുകള്‍ കഴിഞ്ഞതിന് ശേഷവും ആര്‍ദ്ര മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പലതവണ ഇതു സംബന്ധിച്ച് ആര്‍ദ്രയ്ക്ക് വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആര്‍ദ്ര ഈ മുന്നറിയിപ്പുകള്‍ വകവെക്കാതെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടര്‍ന്നു. സംഭവ ദിവസവും ആര്‍ദ്ര മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കുട്ടിയെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് വിലക്കുകയും വഴക്കു പറയുകയും ചെയ്തു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി വാതിലടച്ച് ആര്‍ദ്ര തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് ആര്‍ദ്രയെ ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആര്‍ദ്രയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടത്തി. അമ്മ: ബിന്ദു , സഹോദരി രേഷ്മ.
അതേസമയം, കോട്ടയത്ത് കഴിഞ്ഞ ദിവസം അനാഥരായ രണ്ടു പേര് കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടതിനെ തുടര്‍ന്ന് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി. വീട്ടില്‍ നിന്ന് 10,000 രൂപയും എടുത്ത് കത്ത് എഴുതി വച്ചശേഷമാണ് പതിനഞ്ചുകാരി സ്ഥലംവിട്ടത്. പത്താം ക്ലാസുകാരിയെ കാണാതായതോടെ പിതാവ് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു പോയത്. എങ്ങോട്ട് പോയെന്ന് വീട്ടുകാര്‍ക്കോ പോലീസിനോ ഒരു സൂചന പോലുമില്ല.
അനാഥരായ രണ്ടു പേര് തന്നെ കാത്തിരിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം ഒരാഴ്ച മുന്‍പ് താന്‍ സ്വപ്നത്തില്‍ കണ്ടുവെന്നും ഇന്നലെ വീണ്ടും കണ്ടതോടെയാണ് പോവാന്‍ തീരുമാനിച്ചത്, അലമാരിയില്‍ നിന്ന് പതിനായിരം രൂപ എടുക്കുകയാണെന്നും ജോലി കിട്ടിക്കഴിയുമ്പോള്‍ തിരികെ തരുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്ത് ഈരാറ്റുപേട്ട സിഐക്ക് വീട്ടുകാര്‍ കൈമാറി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്