പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആദ്യം ഡമ്മിയായി എത്തിയ സ്ഥാനാര്‍ത്ഥിയെ ഭാഗ്യം തുണച്ചു. ആദ്യം ഡമ്മിയായി എത്തി പിന്നീട് ഒറിജിനലായി മാറിയ സിപിഎം സ്ഥാനാര്‍ത്ഥി നീതു രാജനാണ് ചെന്നീര്‍ക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വിജയക്കൊടി പാറിച്ചത്.
ചെന്നീര്‍ക്കര പഞ്ചായത്തില്‍ പട്ടികജാതി സംവരണ വാര്‍ഡാണിത്. ആദ്യം സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഡി പ്രമീളയെയാണ്. വാര്‍ഡില്‍ ഉടനീളം ഫ്ലെക്സുകള്‍ സ്ഥാപിച്ചു. വീടുകള്‍ കയറിയിറങ്ങി വോട്ടും ചോദിച്ചു. എന്നാല്‍ ഇതിനിടെ പ്രമീളയുടെ പത്രികയോടൊപ്പം ഹാജരാക്കിയ ജാതി സര്‍ട്ടിഫിക്കറ്റിനെപ്പറ്റി പരാതി ഉയര്‍ന്നു.
എതിര് കക്ഷികള്‍ തഹസില്‍ദാര്‍ക്ക് രേഖാമൂലം പരാതി നല്കി. ഏതെങ്കിലും കാരണവശാല്‍ പ്രമീളയുടെ പത്രിക തള്ളിയാല്‍ പകരം ഡമ്മി സ്ഥാനാര്‍ത്ഥിയായാണ് നീതു രാജനെ പാര്‍ട്ടി ആങ്കത്തട്ടില് ഇറക്കിയത്. 5 മാസം മാത്രം പ്രായമായ കൈക്കുഞ്ഞുള്ളതിനാല്‍ ആദ്യം നീതു മടിച്ചെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി അവസാന ദിവസം പത്രിക നല്‍കുകയായിരുന്നു.
പ്രമീളയുടെ ജാതി സര്‍ട്ടിഫിക്കറ്റ് കോഴഞ്ചേരി തഹസില്‍ദാര്‍ റദ്ദാക്കിയതോടെ പത്രികയും തള്ളിപ്പോയി. ഇതോടെ നീതു സജീവമായി പ്രചാരണത്തിനിറങ്ങി. കുഞ്ഞിനെ അമ്മ പൊന്നമ്മ, ബന്ധു അഞ്ജു എന്നിവരെ ഏല്പിച്ചാണ് വോട്ടുതേടിയിറങ്ങിയത്. കുഞ്ഞ് ഉള്ളതിനാല്‍ രാവിലെ 10 കഴിഞ്ഞേ ഇറങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. ഉച്ചയ്ക്കു മുന്‍പേ വീട്ടില്‍ തിരിച്ചെത്തി കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുകയും വേണമായിരുന്നു.
ഭര്‍ത്താവ് പ്രക്കാനം അടിച്ചുവാതുക്കല് കെ രഘുനാഥനെ കൂട്ടിയാണ് എല്ലാ ദിവസവും പ്രചാരണത്തിനിറങ്ങിയത്. പ്രമീളയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു. ത്രികോണ മത്സരത്തില്‍ നീതു രാജന് 18 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നീതുവിന് 319 ഉം എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പ്രസീതയ്ക്ക് 301ഉം വോട്ടുകള്‍ കിട്ടി. അങ്ങനെ ഉമ്മിനിക്കാവ് വാര്‍ഡിലെ ജനഹൃദയം കീഴടക്കി നീതു വിജയക്കൊടി പാറിച്ചു.