അടൂര്‍: നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്യാഷര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങി. അടൂര്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈസ്കൂള്‍ ജംക്ഷനിലുള്ള ശാഖയിലാണ് സംഭവം.
പെരിങ്ങനാട് മലമേക്കര വിരണിക്കല് വീട്ടില്‍ മുകേഷ് (36) ആണ് കീഴടങ്ങിയത്. 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പഴകുളം ബാങ്കിന്റെ ശാഖയിലെ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ വായ്പ എടുക്കുകയും ബാങ്കിലെ കമ്പ്യൂട്ടറിന്റെ സോഫ്റ്റ്വെയറില് ക്രമക്കേട് നടത്തിയെന്നുമാണ് കേസ്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ പങ്കാളിയായ ശാഖാ മാനേജര്‍ക്കെതിരെയും കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
ഒന്നര മാസം മുന്‍പാണ് ഇതു സംബന്ധിച്ച് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്. ഇതിനിടെ ഇവര്‍ കോടതിയില്‍ ജാമ്യത്തിനു വേണ്ടി ശ്രമിച്ചു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.