റാന്നി: തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികളെ കാത്തിരിക്കുന്നത് പരിശീലന കാലമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ഭരണപരവും ആസൂത്രണ നിര്‍വഹണവുമായ ബോധവല്‍ക്കരണം നല്‍കാനാണ് പരിശീലനം.
അതിനായുള്ള തയ്യാറെടുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. റാന്നി, കോന്നി, മല്ലപ്പള്ളി, കോയിപ്രം എന്നീ ബ്ലോക്കുകളിലെ ജനപ്രതിനിധികളെ പരിശീലിപ്പിക്കുന്നവര്ക്കുള്ള പരിശീലനം പഴവങ്ങാടി പഞ്ചായത്ത് ഹാളില്‍ ഇന്നലെ തുടങ്ങി. ഇത് 4ന് സമാപിക്കും.
സംസ്ഥാനത്ത് ഉടനീളം 4 ദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്. കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ ഓണ്‍ലൈനായി ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ പരിശീലകരെ കിലയിലേക്ക് നേരിട്ടു വിളിപ്പിക്കാതെ എല്ലാ ജില്ലകളിലും രണ്ടും മൂന്നും കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനമാണ് ഇത്തവണ നടത്തുന്നത്.
നവകേരളത്തിനായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, സാമൂഹിക വിദ്യാഭ്യാസ പരിപാടി, നവകേരളത്തിനായി ജനകീയാസൂത്രണം എന്നീ കൈപ്പുസ്തകങ്ങള്‍ പരിശീലകര്‍ക്കു നല്‍കുന്നുണ്ട്.. കില റാന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വികെ രാജഗോപാല്‍, എന്‍ പ്രകാശ്, ഷാന്‍ രമേശ് ഗോപന്, പിെ തോമസ് എന്നിവര്‍ ക്ലാസെടുത്തു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ ചൂട്പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം ലംഘിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ത്ഥിക്കൊപ്പം പരമാവധി അഞ്ചു പേര് മാത്രമേ പാടുള്ളൂ എന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമാണ് ജില്ലയുടെ പല ഭാഗങ്ങളിലും ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയത്.
ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച അധികൃതര്‍ പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശവും നല്കി. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിര്‍ദേശവും കര്‍ശനമായി പാലിക്കണം. ജാഥ, ആള്‍ക്കൂട്ടം എന്നിവ പാടില്ല. പൊതുയോഗങ്ങള്‍ നടത്തുന്നതിനു മുന്‍പു നിര്‍ബന്ധമായും പോലീസിന്റെ അനുമതി വാങ്ങണം.
കൊവിഡ് കാല തെരഞ്ഞെടുപ്പ് പ്രചരണത്തിന് അധികൃതര്‍ ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പാലിച്ച് മാത്രമേ 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ഇറങ്ങാനാകൂ.