കൊച്ചി: ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമര നിര്‍മാണവും പ്രതിഷ്ഠയും ഡോക്യുമെന്ററിയാകുന്നു. ‘ശബരീശന്റെ ധ്വജസ്തംഭം’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. കൊടിമരത്തിനുള്ള മരം കണ്ടെത്തുന്നതു മുതല്‍ ശബരിമല സന്നിധാനത്തു പ്രതിഷ്ഠിക്കുന്നതു വരെയുള്ള അത്യപൂര്‍വമായ ചടങ്ങുകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
കൊടിമരത്തിന്റെ മുഖ്യശില്പി പിപി അനന്തന് ആചാരിയുടെ മകനും ശില്പിയുമായ അനു അനന്തനാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധായകന്. ‘ശബരീശന്റെ ധ്വജസ്തംഭം’ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഉടന്‍ പ്രകാശനം ചെയ്യും.
സുരേഷ് ഗോപി എംപിയാണ് ആമുഖാവതരണം. സംഗീതം രതീഷ് വേഗ. വിവരണം ആര് ബാലകൃഷ്ണന്, എഡിറ്റിങ് വിഷ്ണു.വി നമ്പീശന്, കിത്തു വിജയ്, ക്യാമറ ശ്രീകുമാര്‍ സോപാനം, സന്ദീപ്, ഗ്രാഫിക്സ് വിഷ്ണു വി സുഗുണന്.
രാജ്യത്തിനകത്തും പുറത്തുമായി രണ്ടായിരത്തോളം ക്ഷേത്രക്കൊടിമരങ്ങള് യാഥാര്ഥ്യമാക്കിയിട്ടുള്ള പത്തനംതിട്ട പരുമല സ്വദേശിയായ പിപി അനന്തന് ആചാരി, ചെങ്ങന്നൂര്‍ തൃപ്പല്ലൂര്‍ സദാശിവനാചാരി, ചെറായി സുകുമാരനാശാരി, തന്ത്രി കണ്ഠരര് രാജീവര്, ക്ഷേത്ര സ്ഥപതി വേഴപ്പറമ്പു ചിത്രഭാനു നമ്പൂതിരിപ്പാട്, അഭിഭാഷക കമ്മിഷണര്‍ എഎസ്പി കുറുപ്പ്, സ്വര്‍ണക്കൊടിമരം വഴിപാടായി സമര്‍പ്പിച്ച സുരേഷ് ചുക്കപ്പള്ളി എന്നിവരുടെയെല്ലാം അനുഭവ വിവരണം ഡോക്യുമെന്ററിയിലുണ്ട്.
പതിറ്റാണ്ടുകള്‍ക്കു ശേഷമാണു ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരം പുനഃപ്രതിഷ്ഠിച്ചത്.