വടശേരിക്കര: വടശ്ശേരിക്കരയില്‍ പൊലീസ് സ്റ്റേഷനും പൊലീസുകാരുടെ വിശ്രമസ്ഥലവും എല്ലാം ഒരു മുറിക്കുള്ളിലാണ്. ഇവിടെ താല്‍ക്കാലിക പൊലീസ് സ്റ്റേഷന് എല്ലാ വര്‍ഷവും ശബരിമല തീര്‍ഥാടന കാലത്ത് തുറക്കാറുണ്ടെങ്കിലും സ്വന്തമായി കെട്ടിടം ഇതുവരെ നിര്‍മിച്ചിട്ടില്ല.
പഞ്ചായത്താണ് കെട്ടിടം ക്രമീകരിച്ചു നല്‍കുന്നത്. വടശേരിക്കര ഗവ. എല്‍പി സ്കൂളിന്റെ അടഞ്ഞു കിടന്ന ഹാളാണ് ഇപ്പോള്‍ സ്റ്റേഷനായി ഉപയോഗിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഹാള്‍ മറച്ചു കെട്ടിയിരുന്നില്ല. വെള്ളം, വെളിച്ചം, ശുചിമുറി സൗകര്യങ്ങളും പരിമിതമായിരുന്നു.
പിന്നീട് പഞ്ചായത്ത് ഇടപെട്ട് കമ്യൂണിറ്റി ഹാളായി കെട്ടിടം നവീകരിച്ചു. കമ്യൂണിറ്റി ഹാളിലെ വേദിയാണ് പൊലീസ് സ്റ്റേഷനായി ഉപയോഗിക്കുന്നത്. താഴ്ഭാഗത്താണ് പൊലീസുകാരുടെ വിശ്രമം. എസ്ഐ അടക്കം പത്തോളം പേരാണുള്ളത്.
വടശേരിക്കര സിഐ ഓഫിസിന് കെട്ടിടം പണിയുന്നതിന് പമ്പാ ജലസേചന പദ്ധതിയുടെ 30 സെന്റ് സ്ഥലം വിട്ടു കൊടുത്തിരുന്നു.
എന്നാല്‍ ഓഫിസ് നിര്‍ത്തലാക്കിയതിനാല്‍ കെട്ടിടം പണിതില്ല. ഇവിടെ ബഹുനില കെട്ടിടം പണിതാല്‍ സ്റ്റേഷന് പ്രയോജനപ്പെടുത്താമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.