പാലക്കാട്: സര്‍ക്കാരിനേയും സിവില്‍സപ്ലൈസ് അധികാരികളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മലയാള മനോരമ വാര്‍ത്തയ്ക്കെതിരെ റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന്. ഡിസംബര്‍ ഒന്നാം തീയ്യതി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന് മനോരമയ്ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 2021-2022 കാലയളവില്‍ അരി നിറക്കുന്നതിന് പുതിയ ടെണ്ടര്‍ പ്രകാരം മില്ലുകള്‍ക്ക് നല്‍കിയിട്ടുള്ള പുതിയതും ഗുണനിലവാരമുള്ളവയുമാണെന്നും ഇതിനെതിരെയുള്ള അഭിപ്രായങ്ങളും പ്രസ്താവനകളും തെറ്റിദ്ധാരണാജനകവും സിവില്‍സപ്ലൈസ് അധികാരികളേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ചെയ്ത പ്രവൃത്തിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന് പ്രതികരിച്ചു.
കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച ചാക്കുകളില്‍ അരി നിറച്ച് പൊതുവിതരണത്തിന് ഇതുവരെ എത്തിയിട്ടില്ല. ഡിസംബര്‍ മാസം 15-ാം തീയ്യതിയ്ക്കു ശേഷം മാത്രമാണ് പിഡിഎസ് ഡിപ്പോയില്‍ അവ എത്തിച്ചേരുകയുള്ളൂ, ഇങ്ങനെയിരിക്കെ ചാക്കുകള്‍ കാണാതെ അഭിപ്രായം നടത്തുന്നത് വേദനാജനകമാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.