പട്ടാമ്പി: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്കിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അഭിനന്ദനപ്രവാഹം. പട്ടാമ്പി സിജിഎം സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും മരുതൂര്‍ പുവ്വക്കോട് തെക്കേ വീട്ടില്‍ പ്രദീപ്, വിജി ദമ്പതികളുടെ മകനുമായ അശ്വിനാണ് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്കി നാടിന് മാതൃകയായി മാറിയത്.
വിവരം അറിഞ്ഞ് അശ്വിന്റെ വീട്ടിലേക്ക് അഭിനന്ദനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയാസ് മുക്കോളി അശ്വിന്റെ വീട്ടിലെത്തി കുട്ടിയെ അഭിന്ദനന്ദിച്ച് സമ്മാനവും നല്‍കിയാണ് മടങ്ങിയത്. വാര്‍ഡ് അംഗം ശിഹാബ് , ബ്ലോക്ക് പഞ്ചായത്തംഗം പിപി ഉണ്ണിക്കൃഷ്ണന്, എ റഷീദ്, ഷാഫി മരുതൂര്‍ എന്നിവര്‍ക്കൊപ്പമാണ് റിയാസ് മുക്കോളി എത്തിയത്.
പാറമ്പുറമ്പത്ത് വസന്ത കുമാരിക്ക് ഒന്നരമാസം മുന്‍പ് നഷ്ടപ്പെട്ട ഒന്നര പവന്റെ സ്വര്‍ണമാലയാണ് അശ്വിന്റെ സത്യസന്ധതയില്‍ തിരിച്ചുകിട്ടിയത്. വോട്ടണ്ണല്‍ ദിനമായിരുന്നു സംഭവം നടന്നത്.
ആടിനെ മേയ്ക്കുന്നതിനിടെ നഷ്ടപ്പെട്ട വസന്തയുടെ മാല കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അശ്വിന് കിട്ടിയത്. വസന്തയുടെ മാല നഷ്ടപ്പെട്ട വിവരം അറിയാമായിരുന്ന അശ്വിന് മാല കിട്ടിയ ഉടന്‍ വസന്തയുടെ വീട്ടിലെത്തിക്കുകയായിരുന്നു. മാല തിരിച്ചു കിട്ടിയ സന്തോഷത്തില്‍ വസന്തയും അശ്വിനെ അഭിനന്ദിച്ച് സമ്മാനം നല്‍കിയിരുന്നു.