കൊപ്പം: സൈക്കിള്‍ വാങ്ങാന്‍ കരുതിയ തുക മുഖ്യമന്ത്രിയുടെ വാക്സീന് ചാലഞ്ചിലേക്ക് നല്കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി. കൊപ്പം പഞ്ചായത്തിലെ മേല്‍മുറി പുളിയേങ്കില്‍ ജംഷീറിന്റെ മകന് മുബഷിര്‍ ആണ് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച 1700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തന്റെ ഏറെ കാലത്തെ ആഗ്രഹമാണു സ്വന്തമായി ഒരു സൈക്കിള്‍. ഇതിനായി ഹുണ്ടികയില്‍ സ്വരൂപിച്ച തുക വാക്സിന് ചാലഞ്ചിലേക്ക് നല്‍കുകയാണ് എന്ന് അറിയിച്ചതോടെ മാതാപിതാക്കളും പിന്തുണ നല്കി. തുക കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ ടി ഉണ്ണിക്കൃഷ്ണനു കൈമാറി.
അതേസമയം, കൊട്ടിയത്ത് കൊവിഡ് വാക്സിന് ചലഞ്ചില്‍ പങ്കാളിയായി കൂട്ടിക്കട, മയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് പതിനൊന്നേകാല്‍ ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി.
ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്ന് 10 ലക്ഷവും ജീവനക്കാരും ഭരണസമിതിയും ചേര്‍ന്ന് പിരിച്ചെടുത്ത ഒന്നേകാല്‍ ലക്ഷവുമാണ് നല്‍കിയത്. ബാങ്ക് പ്രസിഡന്റ് ശ്രീസുതന്റെ കൈയില്‍നിന്ന് തുകയ്ക്കുള്ള ചെക്ക് എം നൗഷാദ് എംഎല്‍എ ഏറ്റുവാങ്ങി.