തൃത്താല: നടക്കാന്‍ കഴിയാതെ ദുരിത ജീവിതം നയിക്കുന്ന നഫീസയ്ക്ക് താങ്ങായി തൃത്താല ജനമൈത്രി പോലീസ്. പട്ടിത്തറ പഞ്ചായത്തിലെ ഒതളൂര്‍ സ്വദേശിനി നഫീസയ്ക്കാണ് ചക്രക്കസേര ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കി തൃത്താല ജനമൈത്രി പോലീസും എസ്വൈഎസ് പ്രവര്‍ത്തകരും സഹായമായത്.
വീഴ്ചയെ തുടര്‍ന്ന് ഇരു കാല്‍മുട്ടിനും പരുക്കേറ്റ് നടക്കാന്‍ കഴിയാതെ ദുരിത്തിലായ നഫീസ ഇഴഞ്ഞു നീങ്ങിയാണു വീടിനകത്തും വീടിനു പുറത്തുള്ള ശുചിമുറിയിലേക്കു എത്തിയിരുന്നത്. തൃത്താല ജനമൈത്രി പോലീസിന്റെ ഗൃഹസന്ദര്‍ശനത്തിലാണ് നഫീസയുടെ ജീവിതം പുറത്തറിയുന്നത്.
തുടര്‍ന്ന് ഒതളൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്വൈഎസ് സാന്ത്വനം അംഗങ്ങളുടെ സഹായത്തോടെ വീടിനകത്ത് ശുചിമുറി ഒരുക്കുകയും ചക്രക്കസേര ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു.
നഫീസയുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ തൃത്താല ജനമൈത്രി പോലീസ് ബീറ്റ് ഓഫിസര്‍ കെ ഷമീര്‍ അലി സമര്‍പ്പണം നടത്തി. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫിസര്‍ ഡി ജിജോ മോന്, പഞ്ചായത്തംഗം ഉവൈസ്, സാജിദ്, സൈനുദ്ദീന്‍, ഹക്കീം സഖാഫി, ഷറഫുദ്ദീന് അഹ്സനി, റഫീഖ് സഖാഫി എന്നിവര്‍ പങ്കെടുത്തു.