ചിറ്റൂര്‍: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍ രംഗത്ത്. വിവാഹദിനത്തില്‍ വരന്റെ വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെ കാളവണ്ടിയില്‍ യാത്ര ചെയ്താണ് നവദമ്പതികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്.
ഇന്നലെയായിരുന്നു ചിറ്റൂര്‍ മുട്ടിരിഞ്ഞി ബാലകൃഷ്ണന്റെ മകന് അഭിയും പൊല്പുള്ളി പൊറയംകാട്ടില് മനോഹരന്റെ മകള്‍ രമ്യയും തമ്മിലുള്ള വിവാഹം. ചിറ്റൂര്‍കാവ് പരിസരത്തുനിന്നും വരന്റെ വീട് വരെയാണ് ഇവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്തത്.
ദമ്പതികളുടെ കയ്യിലും കാളവണ്ടിയുടെ വശങ്ങളിലും ഇന്ധന വിലവര്‍ധനയ്ക്കെതിരെയുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ വണ്ടിയാണു ഇവര്‍ യാത്രയ്ക്കായി ഉപയോഗിച്ചത്.
പാലക്കാട്ടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ അഭി ജോലിയുടെ ഭാഗമായി ഒരു ദിവസം 100 കിലോമീറ്ററിലധികം ബൈക്കില്‍ യാത്ര ചെയ്യുന്നയാളാണ്. ഇന്ധന വിലവര്‍ധന തന്റെ വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും അതിനെതിരായ പ്രതിഷേധമാണു സ്വന്തം കല്യാണത്തിനു നടത്തിയതെന്നും അഭി പ്രതികരിച്ചു. ്.