പാലക്കാട്: അമ്മവീട്ടില്‍ വിരുന്നിനെത്തിയ 10 വയസുകാരി തൂതപ്പുഴയില്‍ മുങ്ങിമരിച്ചു. പട്ടാമ്പി പുലാമന്തോള്‍ പാലത്തിന് താഴ്ഭാഗത്ത് തൂതപ്പുഴയിലെ തോണിക്കടവിലാണ് അപകടം. കരിങ്ങനാട് പുതുവീട്ടില്‍ അന്‍വര്‍ ബാബുവിന്റെയും സുഹറയുടെയും മകള്‍ ഹന്ന(10)ആണ് മരിച്ചത്.
ഉമ്മയുടെയും കുടുംബത്തിന്റെയും മുമ്പില്‍വെച്ചായിരുന്നു അപകടം. പാലക്കാട് പുതുപ്പരിയാരം സ്വദേശിയാണ് അന്‍വര്‍ബാബു. സുഹറയുടെ കരിങ്ങനാട്ടെ വീട്ടിലേക്ക് വിരുന്നെത്തിയ ഹന്ന കുളിയ്ക്കുന്നതിനിടെ തോണിക്കടവിലെ ചിറയിലെ കുഴിയില്‍ അകപ്പെടുകയായിരുന്നു.
മുങ്ങിത്താഴുന്നത് കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കരയിലേക്കുകയറ്റി. ഉടന്‍ തന്നെ പുലാമന്തോളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പന്ത്രണ്ടുമണിയോടെ കരിങ്ങനാട് ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കി.
അഞ്ചുമാസങ്ങള്‍ക്ക് മുമ്പും ഇതേസ്ഥലത്ത് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാഴ്ചയ്ക്കുശേഷം മരിച്ചിരുന്നു. പുറമേക്ക് പുഴ വറ്റിനില്ക്കുകയാണെങ്കിലും ആഴമേറിയ കുഴികളുള്ളതായി സമീപവാസികള്‍ പറയുന്നു. സൂചനാബോര്‍ഡ് സ്ഥാപിക്കുകയോ ആളുകള്‍ ഇറങ്ങുന്നത് നിയന്ത്രിയ്ക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.