ഷൊര്‍ണൂര്‍: കാറ്റടിച്ചാല്‍ പാറുന്ന പ്ലാസ്റ്റിക്ഷീറ്റ് മേഞ്ഞ വീടിനുപകരം പ്രശാന്തും സക്കീനയും സ്വപ്നം കണ്ട അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമാകുന്നു. പ്രശാന്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പികെ ശശി എംഎല്‍എ ഉറപ്പുനല്‍കി.
എട്ടുവയസ്സുള്ള കുഞ്ഞുമായി സുരക്ഷിതമല്ലാത്ത വീട്ടിലാണ് വെള്ളിയാട് വായനശാലയ്ക്ക് സമീപം നമ്പ്രത്ത് പ്രശാന്തും സക്കീനയും കഴിയുന്നത്. പഞ്ചായത്തിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ അത് സാധ്യമായില്ല. അതുകൊണ്ടുതന്നെ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്കാനുമായില്ലെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
ഇതോടെയാണ് മുന്‍ പഞ്ചായത്തംഗം കെ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എക്ക് മുമ്പില്‍ പ്രശാന്തിന്റെ കുടുംബത്തിന്റെ കഷ്ടതകള്‍ അവതരിപ്പിച്ചത്. പികെ ശശി എംഎല്‍എ വീട് സന്ദര്‍ശിച്ചു. മകള്‍ക്ക് രക്താര്‍ബുദമാണെന്നും ചികിത്സ നല്‍കുന്നുണ്ടെന്നും പ്രശാന്ത് അറിയിച്ചു.
കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയതോടെയാണ് എംഎല്‍എ വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് അറിയിച്ചത്. വീടിന്റെ നിര്മ്മാണപ്രര്ത്തനങ്ങള് മാര്‍ച്ച് 15ന് ആരംഭിക്കും. എംഎല്‍എയുടെ ജനസഹായനിധിയില് നിന്നുള്ള പണമുപയോഗിച്ചാണ് വീട് നിര്‍മിക്കുക.