ആലത്തൂര്‍: അതിജീവനത്തിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര. മൂന്ന് വിദ്യാര്‍ത്ഥികളാണ് സേവ് ഫാമേഴ്സ് സന്ദേശവുമായി ഗോവയിലേക്ക് സൈക്കിള്‍ യാത്ര നടത്തിയത്.
കോയമ്പത്തൂര്‍ നെഹ്റു കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാവശ്ശേരി ചമ്പാനോട് അജ്വല്‍, കാവശ്ശേരി കെസിപി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി അര്ജുന്, ആലത്തൂര്‍ എസ്എന്‍ കോളജ് മൂന്നാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥി അന്‍ഫാസ് റസൂല്‍ എന്നിവരാണ് സൈക്കിളില്‍ ഗോവയിലേക്ക് പുറപ്പെട്ടത്.
പള്ളികള്‍, അമ്പലം, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ വിശ്രമിച്ചായിരുന്നു യാത്ര തുടര്‍ന്നത്. ടെന്റ് കെട്ടിയാണ് അന്തിയുറങ്ങിയത്. കാസര്‍കോട് എത്തിയപ്പോള്‍ ഡെയ്ലി റൈഡേഴ്സ് അംഗങ്ങള്‍ താമസിക്കുവാനും മറ്റുമുള്ള സൗകര്യങ്ങള്‍ നല്കി. ജനുവരി ഒന്നിനു ഗോവയില്‍ സന്ദേശയാത്ര നടത്തി.
സുഹൃത്തിന്റെ വീടായ പാടൂര്‍ നിവേദ്യത്തില്‍ നിന്നു ഡിസംബര്‍ 26നാണ് യാത്ര തിരിച്ചത്. എഴുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി 31നു ഗോവയിലെത്തി. പനജിയുടെ സമീപം വാസ്കോയില്‍ പഞ്ചാബ് സ്വദേശിയായ കുല്‍ദീപിനെ കണ്ടുമുട്ടിയത് ആവേശകരമായ അനുഭവമായി.
കര്‍ഷകനായ അദ്ദേഹത്തിന്റെ പിതാവ് ന്യൂഡല്‍ഹിയില്‍ കര്‍ഷകറാലിയില്‍ പങ്കെടുത്തിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള യാത്രയെ അദ്ദേഹം പ്രശംസിച്ചതായും അവര്‍ പറഞ്ഞു. യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ ഉടന്‍ തന്നെ വിവരങ്ങള്‍ കാണിച്ചു ബ്ലോഗ് ചെയ്തു സമര നേതാക്കള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.