കൊപ്പം: പുതുവര്‍ഷപ്പിറവിയില്‍ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് എഴുപത്തിയഞ്ചുകാരി കോച്ചി. കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പില്‍ തനിച്ചു താമസിക്കുന്ന കോതേമാരില് പരേതനായ കരിക്കയുടെ ഭാര്യ കോച്ചിക്ക് ജനമൈത്രി പോലീസിന്റെ ക്രിസ്മസ് സമ്മാനം ലഭിച്ചതിന്റെ സന്തോഷമാണ്. സമ്മാനം മറ്റൊന്നുമല്ല, കോച്ചി ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു റേഡിയോ ആണ്.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് റേഡിയോ ആവശ്യമുണ്ടെന്ന മോഹം കോച്ചി പോലീസുമായി പങ്കുവച്ചത്.
ജനമൈത്രി പോലീസ് ബീറ്റ് ഓഫിസര്‍മാര്‍ ആയ കെ ഷിജിത്, ഉണ്ണിക്കൃഷ്ണന്, കെവി ഹരിദാസന്, കെപി മധു എന്നിവര്‍ ചേര്‍ന്ന് റേഡിയോ വയോധികയുടെ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ഭര്‍ത്താവിന്റെ കൂടെ ഇരുന്നു റേഡിയോ കേള്‍ക്കല്‍ പതിവായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ റേഡിയോ കേടായെന്നും മക്കള്‍ ഇല്ലാത്ത തനിക്കു കൂട്ടായി പുതിയ റേഡിയോ വേണമെന്നും ആയിരുന്നു കോച്ചിയുടെ വലിയ മോഹം.
വിവരം അറിഞ്ഞ കൊപ്പം എസ്എച്ച്ഒ എംബി രാജേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജനമൈത്രി പോലീസ് റേഡിയോ വാങ്ങിച്ചു കോച്ചിയുടെ വീട്ടിലെത്തിച്ചു കൈമാറി. ആശാവര്‍ക്കര്‍ മിനി ശിവദാസനും ഒപ്പം ഉണ്ടായിരുന്നു.
ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ചെറുവത്തൂര്‍ ചന്തേര ജനമൈത്രി പോലീസ് മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം തുടങ്ങി. സംസ്ഥാനാടിസ്ഥാനത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണാര്‍ഥം നടത്തിവരുന്ന ബെല്‍ ഓഫ് ഫെയ്ത്ത്, സ്നേഹസ്പര്‍ശം പദ്ധതികളുടെ നടത്തിപ്പിനായാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ വിവരശേഖരണം തുടങ്ങിയത്.
കൊവിഡ് കാലത്ത് വാര്‍ധക്യ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി ആരംഭിച്ചിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഹെല്പ് ഡെസ്ക്കിന്റെ നടത്തിപ്പിനുള്ള വിവരശേഖരണവും ഇതിന്റെ ഭാഗമായി നടത്തും. മുതിര്‍ന്ന പൗരന്മാര് അധിവസിക്കുന്ന വൃദ്ധമന്ദിരങ്ങള്‍ അടക്കം സന്ദര്‍ശിച്ച് സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണവും അവര്‍ക്കാവശ്യമായ നിയമസഹായവും കൗണ്‍സലിങ്ങും ലഭ്യമാക്കും.