വാളയാര്‍: സിമന്റ് നിര്‍മാണ കമ്പനിയിലെ ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി യുവാവ് മരിച്ചു. ഇടതുകൈ പൂര്‍ണമായും ചതഞ്ഞരഞ്ഞ യുവാവ് രക്തം വാര്‍ന്നാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ ഇരട്ടകുളം നാട്ടുകല്‍ അപ്പുപ്പിള്ളയൂര്‍ ഉണ്ണിക്കൃഷ്ണന്റെ മകന് സുബിന് (18) ആണ് മരിച്ചത്.
കഞ്ചിക്കോട് വ്യവസായമേഖലയില്‍ സണ്‍ ഫ്ലവര്‍ കമ്പനിയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സിമന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ പൊടിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റ് റോളിങ് മെഷീനിലാണു സുബിന്റെ കൈ കുടുങ്ങിയത്. തോള് വരെ പൂര്‍ണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു.
സുബിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ മറ്റു തൊഴിലാളികള്‍ ഉടനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു സേനയുടെ വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കും മുന്‍പു രക്തം വാര്‍ന്നു മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരാര്‍ തൊഴിലാളിയായ സുബിന് ഇന്നലെ വൈകിട്ട് നാലിനാണു ജോലിക്കു കയറിയത്. മെഷീന് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കൈ കുടുങ്ങിയെന്നാണു കമ്പനി അധികൃതര്‍ പോലീസിനു നല്കിയ മൊഴി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസില്‍ പ്ലസ്ടു ജയിച്ച സുബിന് തുടര്‍പഠനത്തിന് ഇടവേള വന്നതോടെ ഒന്നര മാസം മുന്‍പാണു കമ്പനിയില്‍ ജോലിക്കു കയറിയത്. ബിരുദ പഠനത്തിന് അടുത്ത മാസം മുതല്‍ പോവാനിരിക്കെയാണു മരണം സംഭവിച്ചത്. സുബിന്റെ അമ്മ: സുനിത. സഹോദരി: ശ്രുതി. മൃതദേഹം ജില്ല ആശുപത്രിയില്‍.