പൊന്നാനി: ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിനും സ്വത്തിനും മതാചരങ്ങള്ക്കും സംസ്കാരത്തിനും തടസ്സം നില്ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപെട്ടു.
പ്രശ്നം കേവലം ഒരു നിസാര പ്രശ്നമല്ല ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമാണ്. 1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിര്‍ത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്.
ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകര്‍ക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം ജനദ്രോഹപരമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറികൊണ്ട് ലക്ഷദ്വീപ് നിവാസികളുടെ ജീവനും സ്വത്തിനും സംസ്കാരത്തിനും സംരക്ഷണം നല്‍കണമെന്നും കാസിം കോയ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒറ്റ സ്വരത്തിലാണ് പ്രതിഷേധിക്കുന്നത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികളും നടന് പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകരും ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് നടത്തിയത്.