തിരൂരങ്ങാടി: നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വിഷുക്കിറ്റ് സമ്മാനമായി നല്കി മോട്ടര്‍ വാഹന വകുപ്പ്. നിയമം പാലിച്ച് ശ്രദ്ധയോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പ്രോത്സാഹനമായാണ് വിഷുക്കണിക്കിറ്റും സദ്യയ്ക്കുള്ള വിഭവങ്ങളും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
കണിക്കൊന്ന, കണി വെള്ളരി, മാങ്ങ, പൈനാപ്പിള്‍, നാളികേരം, പട്ട്, പഴം, മറ്റു പഴവര്‍ഗങ്ങള്‍ തുടങ്ങി വിഷുവിന് കണി കാണാനുള്ള വിഭവങ്ങളും, സദ്യക്കുള്ള അരി, പായസക്കിറ്റ്, പച്ചക്കറികള്‍ എന്നിവയുമാണ് നിയമം പാലിച്ചെത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ സമ്മാനമായി നല്‍കിയത്.
ജോയിന്റ് ആര്‍ടിഒ എസ്എ ശങ്കരന് പിള്ള, എംവിഐമാരായ എംകെ പ്രമോദ് ശങ്കര്‍, പിഎച്ച് ബിജുമോന്, എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, വികെ സജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കിപ്പറമ്പ്, കക്കാട്, കോട്ടയ്ക്കല്‍, ചേളാരി, പരപ്പനങ്ങാടി, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണത്തോടൊപ്പം സമ്മാനങ്ങള്‍ നല്‍കിയത്.