മലപ്പുറം: ഫുട്ബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരന് വിലപിടിപ്പുള്ള സമ്മാനം നൽകി ഭാരവാഹികൾ. ഇപ്പോൾ പൊന്നുംവില കൊടുക്കേണ്ടി വരുന്ന പെട്രോളാണ് ആ വിലയേറിയ സമ്മാനം. മങ്ങാട്ടുപുലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഫുട്ബോൾ ടൂർണമെന്റിലാണു മികച്ച കളിക്കാരനു സമ്മാനമായി 3 ലീറ്റർ പെട്രോൾ നൽകിയത്.
പൂക്കോട്ടൂർ പാസ്ക് പിലാക്കൽ ടീമിന്റെ അനസിനാണ് ഈ സമ്മാനം ലഭിച്ചത്. പെട്രോൾ വില വർധനയ്ക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോൾ സമ്മാനമായി നൽകിയതെന്നു ക്ലബ് പ്രസിഡന്റ് എം സമീർ പറഞ്ഞു. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പാസ്ക് പിലാക്കൽ രാജകുടുംബം കോഴിക്കോടിനെ തോൽപിച്ചു ജേതാക്കളായി.
അതേസമയം, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.47 രൂപയുമാണ് വില.