എടപ്പാള്‍: ഒന്നിനുപിറകെ ഒന്നൊന്നായി നാല് വര്‍ഷത്തിനിടെ അഞ്ച് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കി ആനക്കരയിലെ കൊള്ളാട്ടുവളപ്പില് സെയ്തലവി. 49 വയസ്സിനുള്ളില്‍ നടത്തിയ പ്രദര്‍ശനങ്ങളിലൂടെയാണ് ഇദ്ദേഹം അഞ്ചു ഗിന്നസ് റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയത്.
2016-ലായിരുന്നു ആദ്യ ഗിന്നസ് പ്രവേശം. ആറ് ഇഞ്ച് വലിപ്പമുള്ള ആണികള്‍ രണ്ട് ഇഞ്ച് അകലത്തില്‍ അടിച്ച മരപ്പലകയുടെ മുകളില്‍ കിടന്നശേഷം മുകളില്‍ ആണിയടിച്ച ഒരു പലക കമഴ്ത്തിവെച്ച് അതിനുമുകളില്‍ ഒരാളെ കിടത്തും. അയാളുടെ മുകളിലും ആണിയടിച്ച മരപ്പലക കമഴ്ത്തിവെക്കും. അത്തരത്തില്‍ ഏഴുപേരെ മേല്ക്കുമേല് കിടത്തി ഒരു മിനിറ്റ് നേരം കിടന്നതിനായിരുന്നു ഇത്.
മരപ്പലകയുടെ മുകളില്‍ കിടത്തിയ ആളുടെ വയര്‍ഭാഗത്ത് നാലുകിലോ വീതം തൂക്കമുള്ള തണ്ണിമത്തന്വെച്ച് ഒരു മിനിറ്റില്‍ 55 എണ്ണം മൂര്‍ച്ചയേറിയ വാള് കൊണ്ട് വെട്ടിയായിരുന്നു 2017-ല്‍ രണ്ടാമത്തെ റെക്കോഡ് നേടിയത്. 2018-ല്‍ ഇതുപോലുള്ള മരപ്പലകയില്‍ സ്വന്തം തല ഉപയോഗിച്ച് മൂന്നിഞ്ച് വലുപ്പമുള്ള 20 ആണികള്‍ ഒരു മിനിറ്റുകൊണ്ട് അടിച്ചു കയറ്റിയതോടെ മൂന്നാമത്തെ റെക്കോഡും സ്വന്തം.
2019-ല്‍ ആറിഞ്ച് വലുപ്പമുള്ള ആണികള്‍ രണ്ടിഞ്ചകലത്തിലടിച്ച മരപ്പലകയില്‍ കിടത്തിയ ആളുടെ വയറിനുമുകളില്‍ നാലുകിലോ തൂക്കമുള്ള തണ്ണിമത്തന് വെച്ച് ഒരു മിനിറ്റിനകം ആള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ 54 എണ്ണം വെട്ടിയായിരുന്നു നാലാമത്തെ റെക്കോഡ് സ്വന്തമാക്കിയത്. അടുത്തത് 2020-ലെ പൈനാപ്പിള്‍ പ്രയോഗമായിരുന്നു. 75 പേരെ നിരത്തി നിര്‍ത്തി അവരുടെയെല്ലാം തലയില്‍ ഓരോ പൈനാപ്പിള്വെച്ച് മൂര്‍ച്ചയേറിയ വാള്‍കൊണ്ട് 30 സെക്കന്റു കൊണ്ട് അവയെല്ലാം മുറിച്ചിട്ട് അഞ്ചാമത്തേത് സ്വന്തമാക്കി.
ചെറുപ്പംമുതല്‍ കരാട്ടെ അഭ്യസിച്ച ബ്ലാക്ക് ബെല്‍റ്റുകാരന്‍ സെയ്തലവി 50 പേര്‍ക്ക് പരിശീലനവും നല്കുന്നു. ശിഷ്യരില്‍ 18 പേര് ബ്ലാക്ക് ബെല്റ്റുകാരാണ്. കുറച്ചുകാലം വിദേശത്തായിരുന്ന സെയ്തലവി ഇപ്പോള്‍ നാട്ടില്‍ ചെറിയ ബിസിനസുമായി കഴിയുകയാണ്. കേരളത്തില്‍ത്തന്നെ അഞ്ചു ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ആള് വേറെയില്ലെന്നാണ് സെയ്തലവിയുടെ അവകാശവാദം.
അതേസമയം, 883 കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബ് ശരീരത്തില്‍വെച്ച് പൊട്ടിച്ച് ആറാമത്തെ റെക്കോഡിനായി അപേക്ഷിച്ചെങ്കിലും ഇതിന്റെ വിവരം ഗിന്നസ് അധികാരികളില്‍നിന്ന് ലഭിച്ചിട്ടില്ല. നിലവില്‍ ഇക്കാര്യത്തിലുള്ള റെക്കോഡ് 774 കിലോയാണ്.