എടപ്പാള്‍: ബാങ്ക് അക്കൗണ്ട് മാറി വന്ന കാല്‍ലക്ഷം രൂപ യഥാര്‍ത്ഥ ആളെ കണ്ടെത്തി തിരിച്ചുനല്‍കി നന്മയുടെ വെളിച്ചമായി ഒരു യുവാവ്. കണ്ടനകത്തെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ സിവി ശരതാണ് വഴിമാറിവന്ന പണം തിരികെ നല്കി മാതൃകയായത്.
ശരത്തിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം 25000 രൂപ വന്നത്. തനിക്ക് ആരും ഇത്തരത്തില്‍ പണമയക്കാനില്ലാത്തതിനാല് ശരത് ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടു. പെരുമ്പറമ്പിലെ ഫ്രണ്ട്സ് ട്രാവല്‍സ് നടത്തുന്ന സൈനുദ്ദീന്റെ അക്കൗണ്ടില്‍ നിന്നാണ് തുക വന്നിട്ടുള്ളതെന്നറിഞ്ഞ ശരത് ഉടന്‍ അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു.
എന്നാല്‍ പണം നഷ്ടമായകാര്യം അപ്പോഴും സൈനുദ്ദീന്‍ അറിഞ്ഞിരുന്നില്ല. ഒടുവില്‍ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച് ശരത് സൈനുദ്ദീന്‍ നല്‍കുകയായിരുന്നു. പണത്തിനായി കൊല്ലും കൊലയും നടത്തുന്ന ഇക്കാലത്ത് ശരത്തിനെ പോലുള്ള വ്യക്തികളാണ് സമൂഹത്തിന് വെളിച്ചമാകുന്നത്.