മലപ്പുറം: 18 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്കി നാടിന് മാതൃകയായി കെടി മൂസ ഹാജി. വീട് വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാതെ വിഷമിച്ച 18 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഭൂമി നല്കി മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശിയായ കെടി മൂസ ഹാജി നന്മയുടെ വെളിച്ചമായി മാറിയത്.
പന്താരങ്ങാടി സംയുക്ത മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘കാരുണ്യ സ്പര്‍ശം’ എന്ന പേരില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പ്രവര്‍ത്തനത്തിലേക്കാണ് മൂസ ഹാജി സ്വന്തം ഭൂമിയുടെ രേഖകള്‍ കൈമാറിയത്. നഗരസഭയിലെ 2, 3, 4, 5, 6, 36, 37, 38 ഡിവിഷനുകളില്‍ താമസിക്കുന്നവര്‍ക്ക് ഏകദേശം ഒന്നര ഏക്കര്‍ ഭൂമിയാണ് മൂസ ഹാജി വീട് വെക്കാന്‍ കൈമാറിയത്.
കരിപറമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെടി മൂസ ഹാജിയുടെ കയ്യില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങികൊണ്ട് ഉദ്ഘാടനം ചെയ്തു. നമ്മളോടപ്പം പ്രവര്‍ത്തിക്കുവാനും കൂടെ നില്‍ക്കാനും ഉദാരമതികളായ ആളുകള്‍ ഉണ്ടെന്നുള്ളതാണ് സമൂഹത്തിന്റെ വിശ്വാസം. അതാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
പോഗ്രാം കമ്മിറ്റി ചെയര്മാന് കുന്നുമ്മല്‍ അയ്യൂബ് ഹാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പികെ അബ്ദുറബ്ബ് എംഎല്‍എ വീടുകള്‍ക്കുള്ള ഫോമിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സിഎംപി നേതാവ് കൃഷ്ണന് കോട്ടുമല, ജഅഫര്‍ അന്‍വരി ആലത്തിയൂര്‍, പുള്ളാട്ട് മുഹമ്മദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എടി ഉണ്ണി,
തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയര്‍മാനും പ്രോഗ്രാം കണ്‍വീനറുമായ സിപി ഇസ്മായില്‍, തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാരായ പികെ അബ്ദുല്‍ അസീസ്, പാലാത്ത് മുസ്തഫ, എംപി ജയശ്രീ, കെടി ബാബുരാജ്, ചെറ്റാലി അബ്ദുറസാഖ് ഹാജി, ഷാഹിന തിരുനിലത്ത്, സിഎം അലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യാസീന്‍ തിരൂരങ്ങാടി, സിഎച്ച് ഫസല്‍, സിപി അബ്ദുല്‍ വഹാബ്, ചന്ദ്രന് കുന്നത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.