തിരൂരങ്ങാടി: നിയമം പാലിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സൗജന്യമായി നല്കി മോട്ടര്‍ വാഹനവകുപ്പ്. റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ സുരക്ഷയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് പകരമായി പുതിയ ഹെല്‍മറ്റുകള്‍ സമ്മാനമായി നല്‍കിയത്. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനയാത്രക്കാരോട് ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള കാര്യം അന്വേഷിച്ചപ്പോള്‍ കൊവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് ജോയിന്റ് ആര്‍ടിഒ പിഎ ദിനേശ് ബാബുവിന്റെ നേതൃത്വത്തില്‍ ഹെല്‍മറ്റുകള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയത്. 1,000 മുതല്‍ 2,000 രൂപ വരെ വിലയുള്ള ഹെല്‍മറ്റുകള്‍ ലഭിച്ചു. ഹെല്‍മറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നല്കിയ ഹെല്‍മറ്റ് വിതരണത്തിന് ജോയിന്റ് ആര്‍ടിഒ പിഎ ദിനേശ് ബാബു, എംവിഐ എംകെ പ്രമോദ് ശങ്കര്‍, എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, വികെ സജിന്‍, എന്നിവര്‍ നേതൃത്വം നല്കി.
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പുതിയ ഡ്രൈവര്‍മാര്‍ക്ക് ഗ്രൗണ്ടുകളില്‍ വച്ചും ഓട്ടോ, ടാക്സി, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. വ്യത്യസ്തമായ പരിപാടികളിലൂടെ റോഡ് സുരക്ഷ മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.