മലപ്പുറം: ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി സുധീഷ് കേരള പോലീസിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനില്‍ നിന്ന് മത്സരിച്ച സുധീഷാണ് പിഎസ്സി നിയമനം എത്തിയതോടെ മെമ്പര്‍ സ്ഥാനം രാജിവെച്ച് കേരള പോലീസിലേക്ക് ചുവടുവെയ്ക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. അതുകൊണ്ടുതന്നെ സുധീഷിന്റെ സ്ഥാനാര്‍ഥിനിര്‍ണയം ഏറെ ശ്രദ്ധനേടിയിരുന്നു. മികച്ച വിജയം നേടിയാണ് സുധീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായതെങ്കിലും തെരഞ്ഞടുപ്പില്‍ വിജയിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സുധീഷിന് കേരള പോലീസില്‍ ജോലി ലഭിക്കുകയായിരുന്നു.
ജോലി ലഭിച്ചപ്പോള്‍ തന്നെ നിയമനം ലഭിച്ച ശേഷം മെമ്പര്‍ സ്ഥാനം രാജിവെക്കാമെന്ന് സുധീഷ് തീരുമാനിച്ചിരുന്നു. ഒടുവില്‍ ഇന്നലെ സുധീഷിനെ തേടി പിഎസ്സി വഴിയുള്ള നിയമനം എത്തി. തുടര്‍ന്ന് സുധീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചു.
സുധീഷിന്റെ ആഗ്രഹത്തിന് പാര്‍ട്ടിയും എതിര് നിന്നില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പൂര്‍ണ പിന്തുണയാണ് പാര്‍ട്ടി നല്‍കിയത്. സുധീഷിന് പുറമേ നിലമ്പൂര്‍ മേഖലയിലെ ആദിവാസി വിഭാഗത്തില്‍പെട്ട നിരവധി പേര്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്റ് പ്രകാരം പോലീസില്‍ നിയമനം ലഭിച്ചിട്ടുണ്ട്.
ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പണിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പൊലീസ് നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ രണ്ടാം പേരുകാരനായിരുന്നു സുധീഷ്. വഴിക്കടവ് വനത്തിലെ അളയ്ക്കല്‍ കോളനി നിവാസിയാണ് സുധീഷ്. തനിക്ക് ജോലി ലഭിച്ചാല്‍ അത് തെരഞ്ഞെടുക്കുമെന്ന് സിപിഐഎം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.