മലപ്പുറം: കാഴ്ച നഷ്ടപ്പെട്ടെങ്കിലും ആശാരിപ്പണിയില്‍ ഇപ്പോഴും കേമനാണ് മലപ്പുറം തിരൂര്‍ സ്വദേശി ഉണ്ണിയേട്ടന്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതെ ഉള്‍ക്കാഴ്ചയിലാണ് ഈ അറുപതുകാരന് മരപ്പണി തുടരുന്നത്. തിരൂര്‍ ചെമ്രവട്ടം ആലുങ്ങലില്‍ റോഡിനു സമീപമാണ് ഉണ്ണിയേട്ടന്റെ പണിപ്പുര.
ഇരുപതാം വയസില്‍ ആശാരിപ്പണി ആരംഭിച്ച ഉണ്ണിയേട്ടന് 30ാം വയസിലാണ് രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുന്നത്. കാഴ്ചശക്തിയില്ലെങ്കിലും പരസഹായമില്ലാതെ കൃത്യതയോടെ അദ്ദേഹം എല്ലാ ജോലികളും ചെയ്തു തീര്‍ക്കും.
ഇദ്ദഹത്തിന്റെ അപ്പനപ്പൂപ്പന്മാര് മുതല്‍ ഈ തൊഴില്‍ തന്നെയാണ് ചെയ്തിരുന്നത്. എല്ലാവരും ആശാരിപ്പണി ഉപേക്ഷിച്ചപ്പോള്‍ പഴയ പ്രതാപം കൈവിടാതെ ഉണ്ണിയേട്ടന് ഈ തൊഴില്‍ തന്നെ തുടര്‍ന്നു. മുപ്പതാമത്തെ വയസിലാണ് കാഴ്ചശക്തി ഇല്ലാതായത്. പിന്നീടങ്ങോട്ട് ആശാരിപ്പണി ഉള്‍ക്കാഴ്ച കൊണ്ടാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
പണിപ്പുരയില്‍ ഒറ്റയ്ക്കാണ് ഉണ്ണിയേട്ടന് ആശാരിപ്പണി ചെയ്യുന്നത്. കാഴ്ചശക്തിയില്ലെങ്കിലും അളവില്‍ ഒരു പിശകുപോലും ഉണ്ണിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അത്രയ്ക്കും കൃത്യതയോടെയാണ് ഇദ്ദേഹത്തിന്റെ നിര്‍മ്മാണം. എന്നാല്‍ പ്രായമായതോടെ ആട്ടും കൂടിലേക്കും കോഴിക്കൂടിലേക്കും ഉണ്ണിയേട്ടന്റെ പണികള്‍ ഒതുങ്ങി. അളവില്‍ ചെറിയ മാറ്റം വന്നാലും പ്രശ്നമില്ലാത്തതുകൊണ്ടാണ് ഇതിലേക്കു തിരിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മകളുടെ കല്യാണം ഉള്‍പ്പെടെയുള്ള ചെറിയ പ്രാരാബ്ധങ്ങള്‍ ഉണ്ണിയേട്ടനെ അലട്ടുന്നുണ്ട്. എന്നാലും ഉള്‍ക്കാഴ്ച കൊണ്ട് ആശാരിപ്പണിയുമായി ജീവിതം തള്ളിനീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ അറുപതുകാരന്.