മലപ്പുറം: ജയിച്ചെത്തിയ സ്ഥാനാര്‍ഥിയെ തോറ്റ എതിര്‍സ്ഥാനാര്‍ത്ഥി മാലയിട്ടു സ്വീകരിച്ചു. മലപ്പുറം വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് സംഭവം. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ വീടുകളിലേക്ക് പടക്കം എറിഞ്ഞെന്നും ആക്രമിച്ചെന്നുമുളള ഒട്ടേറെ സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോഴാണ് മലപ്പുറത്ത് നിന്ന് ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്ത പുറത്ത് വരുന്നത്.
വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി വി ജ്യോതിയുടെ ആഹ്ലാദപ്രകടനവുമായെത്തിയ വാഹനം എതിര്‍സ്ഥാനാര്‍ത്ഥി സലീന പാങ്ങാടന്‍ തന്റെ വീടിന് അടുത്ത് എത്തിയപ്പോഴാണ് സ്വീകരിക്കാനായി ചുവന്ന മാലയുമായെത്തിയത്. വാഹനം അടുത്തു നിര്‍ത്തയതോടെ മാലയിട്ടു സ്വീകരിച്ചു. ശേഷം അനുമോദനം അറിയിച്ചു.
വാശിയേറിയ മല്‍സരത്തിനൊടുവില്‍ മുസ്ലീംലീഗിലെ സലീന പാങ്ങാടന്‍ 180 വോട്ടിനാണ് രണ്ടാം സ്ഥാനത്തായത്. ജനാധിപത്യ സംവിധാനത്തില്‍ തോല്‍വി സ്വാഭാവികമെന്ന് ഉള്‍ക്കൊളളുന്ന സലീന വികസന കാര്യങ്ങളില്‍ പുതിയ പഞ്ചായത്ത് അംഗത്തിന് ഒപ്പമുണ്ടാകുമെന്നും ഉറപ്പു നല്കി.
എന്നാല്‍ അപ്രതീക്ഷിതമായി സലീന എതിര്‍സ്ഥാനാര്‍ഥിക്ക് മാലയിടുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായി കഴിഞ്ഞിട്ടുണ്ട്.
അതേസമയം, മലപ്പുറം തദ്ദേശം ഭരിക്കാന്‍ ജനം തിരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നാളെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേല്‍ക്കാത്ത അംഗങ്ങള്‍ക്ക് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും സാധിക്കില്ല.