എടക്കര: ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ വ്യക്തി എന്ന ഖ്യാതി ഇനി സുധീഷിന് സ്വന്തം. കാടിറങ്ങിയെത്തി വോട്ടഭ്യര്‍ഥിച്ച് വിജയിച്ച ഇരുപത്തിയൊന്നുകാരന് സുധീഷ് ഇനി നാട് ഭരിക്കും.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് എസ്ടി സംവരണമായ വഴിക്കടവ് ഡിവിഷനില്‍ നിന്നാണ് സുധീഷ് ജയിച്ചത്. പ്ലസ്ടു യോഗ്യതയുള്ള സുധീഷ് ചെടയന്റെയും ബീനയുടെയും മകനാണ്. വഴിക്കടവ് ഉള്‍വനത്തിലെ അളയ്ക്കല്‍ കോളനിയില്‍ നിന്നു 15 കിലോമീറ്ററോളം കാട് താണ്ടിയെത്തിയാണ് സുധീഷ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന് തകര്‍പ്പന്‍ വിജയമാണ്. ജില്ലാ പഞ്ചായത്തും കഴിഞ്ഞ തവണ ഭരിച്ച ബ്ലോക്ക് പഞ്ചായത്തുകളും നിലനിര്‍ത്തിയപ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ മുന്നണി കൊടുങ്കാറ്റായി. ജില്ലയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഏക നഗരസഭയായ നിലമ്പൂര്‍ കൈവിട്ടത് ക്ഷീണമായെങ്കിലും മറ്റുള്ളവയില്‍ 8 എണ്ണം നിലനിര്‍ത്താനും തിരൂരില്‍ വന്‍ തിരിച്ചുവരവിലൂടെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കൈക്കലാക്കാനും മുന്നണിക്കായി.
അതേസമയം, നിലമ്പൂര്‍ പിടിച്ചടക്കിയതിനു പുറമേ പൊന്നാനി, പെരിന്തല്‍മണ്ണ നഗരസഭകളും 3 ബ്ലോക്ക് പഞ്ചായത്തുകളും നിലനിര്‍ത്താനായത് എല്‍ഡിഎഫിന് അഭിമാനമായി.
കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയവയുമായി പ്രാദേശികമായി ചേര്‍ന്ന് മുസ്ലിം ലീഗിനെതിരെ എല്‍ഡിഎഫ് രൂപം കൊടുത്ത ‘ജനകീയ മുന്നണികള്‍’ കഴിഞ്ഞ തവണ പഞ്ചായത്ത് തലത്തില്‍ യുഡിഎഫിനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ച് പലയിടത്തും മുന്നണി ഭരണത്തിലേക്ക് മാറിയെങ്കിലും 2020ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് 35 പഞ്ചായത്തുകള്‍ എല്‍ഡിഎഫ് മാത്രവും 2 പഞ്ചായത്തുകള്‍ ജനകീയ മുന്നണിയും ഭരിച്ചിരുന്നു.
എന്നാല്‍ ഇത്തവണ മലപ്പുറത്ത് എല്‍ഡിഎഫ് നേട്ടം 18 ആയി ഒതുക്കാന്‍ യുഡിഎഫ് ഐക്യത്തിനായി. ലീഗ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന 6 എണ്ണം ഉള്‍പ്പെടെ യുഡിഎഫ് പഞ്ചായത്ത് നേട്ടം 57ല്‍ നിന്ന് 73 ആക്കി ഉയര്‍ത്തുകയും ചെയ്തു.