കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടപ്പിലാക്കുന്ന രണ്ടാമത്തെ ”ഇന്തോ-ഡച്ച് ശില്പശാല” 2022 ജൂലൈ 15ന് ഹോട്ടല്‍ താജ് ഗേറ്റ്വേയില് നടത്തി.
‘വാട്ടര്‍ ഫോര്‍ ചേഞ്ച്; അതിവേഗം വളരുന്ന നഗരങ്ങള്‍ക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെന്‍സിറ്റീവ് നഗര രൂപകല്‍പ്പന ചട്ടക്കൂട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയില് വ്യത്യസ്ത മേഖലയിലെ നിരവധി വിദഗ്ദര്‍ പങ്കെടുത്തു.
കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 2060-ഓടെ കോഴിക്കോടിനെ സുസ്ഥിരവികസനത്തോടെ വാട്ടര്‍ സെന്‍സിറ്റീവ് നഗരമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ ഈ ശില്പശാലയില് ചര്‍ച്ച ചെയ്തു.
ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും നെതെര്ലാന്ഡ് ഓര്ഗനൈസേഷന് ഫോര്‍ സയന്റിഫിക് റിസെര്‍ച്ചിന്റെ സഹകരണത്തോടെ, ഇന്ത്യയിലെ മൂന്ന് ദ്വിതീയ നഗരങ്ങളായ കോഴിക്കോട്, ഭുജ് (ഗുജറാത്ത്), ഭോപ്പാല്‍ (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ശില്പശാലയില് കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി ഉയര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് രുചിക ശിവ (ഐആര്‍സി, ഡബ്ല്യൂഎഎസ്എച്ച്) വിശദീകരിച്ചു. ആദ്യ ശില്പശാലയുടെ ഫലങ്ങള്‍ ഡോ. ശ്രീദ അവതരിപ്പിച്ചു.
ഏകദിന ശില്പശാലയില് ഇന്ത്യയിലെ നെതെര്ലാന്ഡ് എംബസി, നെതെര്ലാന്ഡ് ഓര്ഗനൈസേഷന് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളും പുത്തന്‍ ആശയങ്ങളും സിഡബ്ല്യൂആര്‍ഡിഎമ്മിലെ പിഎച്ച്ഡി സ്കോളര്‍ എ നവനീത് പങ്കുവെച്ചു. വാട്ടര്‍ ഫോര്‍ ചേഞ്ചിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. പിഎസ് ഹരികുമാര്‍ സ്വാഗതവും സിഡബ്ല്യൂആര്‍ഡിഎമ്മിലെ സയന്റിസ്റ്റ് ഡോ. യു സുരേന്ദ്രന് നന്ദിയും പറഞ്ഞു.