കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് സ്കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ പേന ഗിന്നസ് ബുക്കില്‍ ഇടംനേടി. കോഴിക്കോട് താമരശ്ശേരി കൂടത്തായി എജ്യുപാര്‍ക്ക് ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടികളാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
പിവിസി, ജിഐ പൈപ്പ്, തടി, സ്പോഞ്ച്, തുടങ്ങിയവ ഉപയോഗിച്ചാണ് പേന നിര്‍മിച്ചത്. 75 കിലോ തൂക്കമുള്ള പേനയ്ക്ക് നീളം മൂന്നുമീറ്റര്‍ ആണ്. ഒരുലിറ്റര്‍ മഷി ഒഴിക്കാം. പതിനഞ്ചോളം വിദ്യാര്‍ത്ഥികളുടെ ഒരുമാസത്തെ കഠിനപ്രയത്നത്തിനാണ് അംഗീകാരം ലഭിച്ചത്. ഈ ഭീമന് പേന ഖത്തര്‍ ആസ്ഥാനമായ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടാനൊരുങ്ങുകയാണ്.
എടുത്താല്‍ പൊങ്ങാത്ത ഈ പേന പല ഭാഗങ്ങളായി വേര്‍തിരിക്കാവുന്നതാണ്. പഠനം, എഴുത്ത്, വായന എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനും കുട്ടികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് വലിയ പേന നിര്‍മിച്ചതെന്ന് പ്രിന്‍സിപ്പല്‍ സൂസന് മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു. ആശയം കുട്ടികളുടേത് തന്നെയായിരുന്നു. പേന ഇനി സ്കൂള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കും. അടുത്തതായി ഹെലികോപ്ടര്‍ മാതൃക നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.