താമരശ്ശേരി: ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന്, യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ഇറക്കിവിടാന്‍ ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ടിക്കറ്റ് തുകയുടെ ബാക്കി തിരിച്ചു ചോദിച്ച യാത്രക്കാരനോടു കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
കോഴിക്കോട് നിന്നു തൃശൂരിലേക്കുള്ള ബസില്‍ മലപ്പുറം വെട്ടിച്ചിറയിലേക്കു ടിക്കറ്റെടുത്ത താമരശ്ശേരി പള്ളിപ്പറമ്പില്‍ രാജേഷ് ജേക്കബ് ആണു കണ്ടക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ടിക്കറ്റ് നിരക്ക് കഴിഞ്ഞു ബാക്കിയുള്ള 30 രൂപ പിന്നീടു തരാമെന്നു പറഞ്ഞു ടിക്കറ്റിന്റെ പിന്നില്‍ എഴുതി നല്‍കുകയായിരുന്നു.
വെട്ടിച്ചിറയില്‍ എത്തിയപ്പോള്‍ ചില്ലറയില്ലെന്നും വേണമെങ്കില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പോയി വാങ്ങാനുമായിരുന്നു കണ്ടക്ടറുടെ മറുപടിയെന്നു പരാതിയില്‍ പറയുന്നു. വണ്ടി നിര്‍ത്തിയാല്‍ പുറത്തു നിന്നു ചില്ലറ വാങ്ങി കൊടുക്കാമെന്നു പറഞ്ഞെങ്കിലും കൂട്ടാക്കാതെ കണ്ടക്ടര്‍ ഇറക്കിവിടാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
ബസില്‍ നിന്ന് ഇറങ്ങാന്‍ രാജേഷ് കൂട്ടാക്കാതിരുന്നതോടെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ എത്തുകയും അവിടെനിന്നു സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇടപെട്ടു ബാക്കി തുക വാങ്ങിക്കൊടുത്ത് ബസ് പറഞ്ഞു വിടുകയുമായിരുന്നു. കണ്ടക്ടറുടെ നടപടി മൂലം മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടായതോടൊപ്പം ഇന്നലെ ജോലിക്കു പോവാന്‍ കഴിഞ്ഞില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് രാജേഷിന്റെ ആവശ്യം.