നടുവണ്ണൂര്‍: 24-ാം വയസ്സില്‍ ലോക്കോ പൈലറ്റായി, പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി അഞ്ജനയുടെ നേട്ടങ്ങള്‍. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളിയുടെ ‘ചെറിയ’പ്രയാത്തിലെ വലിയ വിജയമാണ് വനിതാദിനത്തില്‍ പെണ്‍കുട്ടികള്‍ക്കും കാവില്ദേശത്തിനും പ്രചോദനമാകുന്നത്.
2019 ഒക്ടോബര്‍ 10ന് 24-ാം വയസ്സില്‍ ദക്ഷിണ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി നിയമനം ലഭിച്ച അഞ്ജന ചെന്നൈ ഡിവിഷനിലെ ചെന്നൈ സെന്‍ട്രല്‍-റെനി ഗുണ്ട, ചെന്നൈ സെന്‍ട്രല്‍-ജോളാര്‍പ്പേട്ട എക്സ്പ്രസുകളില്‍ എന്ജിന് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില് ബിരുദം നേടിയ ശേഷം കൊച്ചിന് ഇന്‍ഫോ പാര്‍ക്കില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച അഞ്ജനയ്ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് പരീക്ഷയില്‍ വിജയം നേടിയെങ്കിലും തലനാരിഴയ്ക്ക് അവസരം നഷ്ടപ്പെട്ടു. പിന്നീട് അപ്രതീക്ഷിതമായാണ് റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡ് പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ചത്.
അച്ഛന് രാഘവന് പുലപ്പള്ളിയും അമ്മ കെടി ഗീതയുമാണ് എല്ലാ വിജയങ്ങള്‍ക്കും പ്രചോദനം. ഭര്‍ത്താവ് കാവില്‍ സ്വദേശി പിആര്‍ സായൂജ് മുംബൈ ആസ്ഥാനമായ കമ്പനിയില്‍ മര്‍ച്ചന്റ് നാവിഗേറ്റിങ് ഓഫിസറാണ്. വിദ്യാര്‍ഥിയായ സോന ഏക സഹോദരിയാണ്. എത്തിപ്പിടിക്കാന്‍ വലിയ സ്വപ്നങ്ങളുണ്ടെന്നും അതിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണ് ലോക്കോ പൈലറ്റ് ജോലിയെന്നാണ് അഞ്ജന പറയുന്നത്.