വടകര: കുട്ടികളുമായി അമ്മ പുഴയില്‍ ചാടി, ഇതുകണ്ട് നാട്ടുകാര്‍ പിന്നാലെ ചാടി അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി. ചാനിയംകടവ് പാലത്തില്‍ ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം.
യുവതി മൂന്നര വയസ്സും 9 മാസവും പ്രായമുള്ള മക്കളെയുമെടുത്താണ് പുഴയിലേക്ക് ചാടിയത്. ഇത് കണ്ട നാട്ടുകാര്‍ പിന്നാലെ പുഴയിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തുകയായിരുന്നു. നിറയെ വെള്ളവും ഒഴുക്കുമുള്ള കുറ്റ്യാടി പുഴയില്‍ നിന്ന് ആദ്യം യുവതിയെയും ഒരു കുട്ടിയെയും തോണിയില്‍ കരയ്ക്ക് എത്തിച്ചു. പിന്നാലെ മറ്റേ കുട്ടിയെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.
അമ്മയും ഇളയ കുട്ടിയും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത മകന്റെ നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോലീസും പേരാമ്പ്രയില്‍ നിന്നു അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
യുവതി രണ്ടു കുട്ടികളെയും കൂട്ടി ഓട്ടോറിക്ഷയില്‍ പാലത്തിന് സമീപം വന്നിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ചാടുന്നത് ആദ്യം കണ്ടത് സമീപത്തെ നൂര്‍ മസ്ജിദില്‍ ഉള്ളവരായിരുന്നു. നമസ്കാരത്തിന് മകന് അബ്ദുല്‍ ഹക്കീമിനൊപ്പം എത്തിയ ചാനിയംകടവ് ചാത്തന് മണ്ണില്‍ അബ്ദുറഹ്മാന് ആണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. പിന്നാലെ മകനും ചാടി.
അതിനിടെ പേരാമ്പ്ര -വടകര റൂട്ടില്‍ ഓടുന്ന ഐശ്വര്യ ബസ് പാലത്തില്‍ എത്തിയിരുന്നു. ബസ് നിര്‍ത്തി ഡ്രൈവറും പുഴയിലേക്ക് ചാടി. കുന്നത്ത് രാജന്, നരിക്കുന്നുമ്മല്‍ രവീന്ദ്രന്, ചാത്തന് മണ്ണില്‍ ഷമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതിനിടെ ശ്വാസം മുട്ടല്‍ മൂലം അവശനിലയിലായ അബ്ദുറഹ്മാനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.