നാദാപുരം: വിരണ്ടോടിയ പോത്തിനു മേല്‍ ചാടിവീണു രണ്ടു കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി ഏഴാം ക്ലാസുകാരന്റെ ധീരത. സാഹസിക പ്രകടനത്തിലൂടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഷാനിസ്. കശാപ്പിനു കൊണ്ടു പോകുന്നതിനിടെ വിരണ്ടോടി വീട്ടുമുറ്റത്തെത്തിയ പോത്തിന്റെ പരാക്രമത്തില്‍ നിന്നാണ് കുഞ്ഞുങ്ങളെ ബന്ധുകൂടിയായ ഷാനിസ് സാഹസികമായി രക്ഷിച്ചത്.
കടമേരി കീരിയങ്ങാടി സ്വദേശി താഴെ നുപ്പറ്റ അബ്ദുല്‍ അസീസ് – സുഹറ ദമ്പതികളുടെ മകനാണ് ഷാനിസ് അബ്ദുല്ല(12). സഹോദരി തന്‍സിഹ ഷെറിന്റെ മക്കളായ മെഹബിസ് ബത്തൂല്‍ (5), അനൂന ബത്തൂല്‍ (2) എന്നിവരെയാണു ഷാനിസ് പോത്തിനു മേല്‍ ചാടിവീണു രക്ഷപ്പെടുത്തിയത്. കടമേരി എംയുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാനിസ് അബ്ദുല്ല.
വഴിനീളെയുള്ള പരാക്രമത്തില്‍ കൊമ്പ് നഷ്ടപ്പെട്ട് ചോര വാര്‍ന്ന പോത്ത് വീട്ടുവളപ്പിലെ കോഴിക്കൂട് തകര്‍ക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമഫലമായി പ്രദേശവാസികള്‍ പോത്തിനെ കീഴടക്കി.
എഎസ്ഐ മഹേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും വാര്‍ഡ് മെംബര്‍ ടികെ ഹാരിസ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടിഎന്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.