വടകര: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വഴിയോര കച്ചവടത്തിനും എതിരെ നടപടി കര്‍ശനമാക്കി അഴിയൂര്‍ പഞ്ചായത്ത്. ചോമ്പാല്‍ പോലീസ് സഹായത്തോടെ സെക്രട്ടറി ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മോന്താല്‍ പാലത്തിന് സമീപത്തെ താല്‍ക്കാലിക പച്ചക്കറി കട പൂട്ടാന്‍ നോട്ടിസ് നല്കി.
കുഞ്ഞിപ്പള്ളിക്ക് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന തുണിക്കട, ലോട്ടറി കച്ചവടം എന്നിവയ്ക്ക് എതിരെയും നടപടി സ്വീകരിച്ചു. മാത്രമല്ല, കുഞ്ഞിപ്പള്ളിക്ക് സമീപത്തെ അത്തര്‍ കച്ചവടം, അണ്ടിക്കമ്പനി, ഓവര്‍ ബ്രിജ് പരിസരങ്ങളിലും ചുങ്കം, മുക്കാളി എന്നിവിടങ്ങളിലും ഉള്ള വഴി വാണിഭത്തിന് എതിരെയും നടപടിയെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.
അതേസമയം, കണ്ണൂരില്‍ കഴിഞ്ഞ മാസം പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാര്‍ക്കറ്റില്‍ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വില്ക്കാന് വച്ചിരുന്ന പഴവര്‍ഗ്ഗങ്ങളാണ് പോലീസ് ചവിട്ടി തെറിപ്പിച്ചത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ നിരവധിപേര്‍ വഴിയോരകച്ചവടങ്ങളില് അഭയം കണ്ടെത്തിയിരുന്നു. ബിരിയാണി വില്‍പ്പന, പച്ചക്കറി വില്‍പ്പന, പഴ കച്ചവടം, മീന്‍ കച്ചവടം തുടങ്ങി നിരവധി വഴിയോര കച്ചവടങ്ങളില്‍ ഒട്ടനവധി പേരാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വാഹനങ്ങളില്‍ എത്തിച്ചും താത്കാലികമായി കട നിര്‍മ്മിച്ചുമാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ ഇത്തരം കച്ചവട സ്ഥാനങ്ങള്‍ക്ക് പൊതുവെ ലൈസന്‍സ് ഉണ്ടാകാറില്ല.