പേരാമ്പ്ര: ആവളെയെന്ന ഈ മനോഹര ഗ്രാമത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്ന ‘പിങ്ക് വസന്തം’ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ നെല്ലറയായ പേരാമ്പ്രയ്ക്കു സമീപം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടിയിലാണ് ഈ സുന്ദരകാഴ്ച ദൃശ്യമാകുന്നത്.
ചല്ലിപ്പായല് എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ (Forked Fanwort) കൂട്ടത്തോടെ പൂവിട്ട കാഴ്ചയാണ് ആവളയെന്ന ഗ്രാമത്തിന്റെ സൗന്ദര്യം ലോകം മുഴുവന്‍ എത്തിക്കുന്നത്. ഏതാനും ദിവസങ്ങളായി ‘പിങ്ക് വസന്തം’ സമൂഹമാധ്യമങ്ങളിലെ താരമായതോടെ ജനങ്ങളുടെ ഒഴുക്കാണ് ആവളയിലേക്ക്.
കബോംബ ജലസസ്യ കുടുംബത്തില്‍പ്പെട്ട ഫര്‍ക്കേറ്റ, കരോളിനിയാന ഇനങ്ങളാണ് ആവളയില്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവയെ മുള്ളന്‍പായല്‍ എന്നു വിളിക്കുന്നത്.
വടക്ക്-തെക്ക് അമേരിക്കയില്‍നിന്നുള്ള ഈ സസ്യം അക്വേറിയങ്ങളില്‍ നിന്നാണ് പുറത്തെത്തിയത്. കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്ന കാഴ്ച വളരെമനോഹരമാണെങ്കിലും ഈ സുന്ദരകാഴ്ചയ്ക്ക് പിന്നില്‍ ഒരു അപകടം മറഞ്ഞിരിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല, ഈ അധിനിവേശ ഇനങ്ങള്‍ പെരുകുന്നത് തദ്ദേശീയ ജലസസ്യങ്ങളെ നശിപ്പിക്കും.
ആഫ്രിക്കന്‍ പായലിനെയും കുളവാഴയെയും പോലെ പെട്ടെന്നു പടരുന്ന സസ്യമാണിത്. ഇത്തരം അധിനിവേശ സസ്യങ്ങള്‍ വ്യാപകമായി പടരുന്നത് തനത് സസ്യ, മത്സ്യ സമ്പത്തുകള്‍, തുമ്പിയിനങ്ങള്‍ തുടങ്ങിയ ജൈവവിധ്യത്തിനു വലിയ ഭീഷണിയാണ്.
ഇവ, ആഫ്രിക്കന്‍ പായല്‍ പോലെ ദ്രുതഗതിയിലാണു പെരുകുക. കാണ്ഡത്തില്‍ നിന്നും വിത്തില്‍ നിന്നും വളരും. ചെടിയുടെ ഒരു ചെറിയ കഷ്ണം മതി പ്രദേശമാകെ പടര്‍ന്നുപിടിക്കാന്‍. രാവിലെ 11 മണിയോടെ വിരിഞ്ഞു തുടങ്ങുന്ന പൂക്കള്‍ വെയില് ശക്തമാകുന്നതോടെ കൂടുതല്‍ സുന്ദരമാകും. വൈകിട്ട് നാലോടെ പൂക്കള്‍ കൂമ്പിത്തുടങ്ങും. മൂന്നു-നാല് ദിവസം ഈ തരത്തില്‍ പൂക്കള്‍ നിലനില്ക്കും
പിങ്ക് വസന്തം കാണാന്‍ പോകാം…
പേരാമ്പ്രയില്‍ നിന്ന് ചാനിയം കടവ് വഴി വടകരയ്ക്കു പോകുമ്പോള്‍ നാലുകിലോ മീറ്റര്‍ പിന്നിടുന്നതോടെ പന്നി മുക്ക് എത്തും. അവിടെനിന്ന് ആവളയിലേക്കുള്ള റോഡില്‍ അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കുറ്റിയാട്ട് നട എത്തുകയായി. ഇവിടെ കുണ്ടൂര്മൂഴിത്തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ കാഴ്ച ഒരുക്കുന്നത്.