കറുകച്ചാല്‍: വാകത്താനം പുത്തന്‍ചന്ത നിവാസികളായ കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകാന്‍ വാഹനം ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ഏതു സമയത്തും ഇവിടെ വാഹനം തയ്യാറാണ്. കൊവിഡ് രോഗികള്‍ക്കായി കാര്‍ സൗജന്യമായി വിട്ടു നല്കി മാതൃകയാവുകയാണ് പഞ്ചായത്തംഗവും മകനും.
വാകത്താനം പഞ്ചായത്ത് 17-ാം വാര്‍ഡ് അംഗം പുത്തന്‍ചന്ത മാവിലശേരില് കോരസണ്‍ സഖറിയ, മകന് കെവിന് കെ സഖറിയ എന്നിവരാണ് കാര്‍ നല്‍കിയത്. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകുന്നതിനു ടാക്സിയോ ആംബുലന്‍സോ യഥാസമയം ലഭിക്കാതെ വന്നതോടെയായിരുന്നു സഖറിയയുടെ ഈ തീരുമാനം.
നാലുന്നാക്കല്‍ ബ്രാഞ്ചിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് വേങ്ങമ്മൂട്ടില് അനീഷ് ജേക്കബ് പ്രതിഫലം വാങ്ങാതെ ഡ്രൈവര്‍ ജോലി ഏറ്റെടുത്തതോടെ ഒട്ടേറെപ്പേര്‍ക്കാണ് ഇത് ആശ്വാസമായത്. ഡ്രൈവറുടെ സുരക്ഷയ്ക്കായി ഡ്രൈവര്‍ കാബിന് വേര്‍തിരിച്ചു. ഓരോ യാത്രയ്ക്കു ശേഷവും അണുനശീകരണം നടത്തും.
വാഹനത്തില്‍ മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എല്ലാം കരുതിയിട്ടുണ്ട്. ആരില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ല. വാകത്താനം പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ ആളുകള്‍ക്കാണ് നിലവില്‍ കാര്‍ വിട്ടു നല്‍കുന്നത്. ആവശ്യക്കാര്‍ 9744502016, 9744690757 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ കാര്‍ വീട്ടുപടിക്കലെത്തും.