എരുമേലി: വഴിയില്‍ വെള്ളത്തിനായി കാത്തുനില്ക്കുന്ന അമ്മമാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചുപോകാനായില്ല. വില്ക്കാന് കൊണ്ടുപോയ 8000 ലീറ്റര്‍ കുടിവെള്ളം ഒരു ഗ്രാമത്തിന് മുഴുവന്‍ സൗജന്യമായി നല്കി ശ്രീനിയുടെ നന്മ.
പണം വാങ്ങി ശുദ്ധജലവിതരണം നടത്തുന്ന എലിവാലിക്കര കാട്ടിപ്പറമ്പില്‍ ശ്രീനി എന്ന യുവാവാണ് പണം ഇല്ലാതെ വെള്ളം വാങ്ങാന്‍ കാത്തുനില്ക്കുന്നവരുടെ സങ്കടത്തിന് ആശ്വസവുമായി എത്തിയത്. ഒരു ഗ്രാമം മുഴുവന്‍ 8000 ലീറ്റര്‍ ശുദ്ധജലം ഒറ്റദിവസം സൗജന്യമായി വിതരണം നടത്തി ശ്രീനി നാടിന്റെ ദാഹത്തിനു താല്‍ക്കാലിക പരിഹാരമുണ്ടാക്കി.
സ്വന്തം വണ്ടിയില്‍ ശുദ്ധജലം പണം വാങ്ങി വീടുകളില്‍ വില്ക്കാന് പോകുന്നതിനിടെയാണു വഴിയരികില്‍ സ്ത്രീകള്‍ പഞ്ചായത്ത് വക കുടിവെള്ള ലോറി കാത്തു നില്ക്കുന്നതു കണ്ടത്. 2 ദിവസമായി പഞ്ചായത്തു വക വെള്ളം കിട്ടുന്നില്ലെന്നു ശ്രീനിയോടു വീട്ടമ്മമാരും കുട്ടികളും പറഞ്ഞു.
സങ്കടം കേട്ടതോടെ ശ്രീനി ഒരു ദിവസത്തെ വെള്ളത്തിന്റെ മുഴുവന്‍ ഓര്‍ഡറുകളും റദ്ദ് ചെയ്തു. വണ്ടിക്ക് 2000 രൂപയുടെ ഡീസല്‍ അടിച്ച ശേഷം 4 തവണയായി എലിവാലിക്കര, ചപ്പാത്ത്തുമരംപാറ മേഖലകളില്‍ ജലവിതരണം നടത്തുകയായിരുന്നു.