കോട്ടയം: കാറില്‍ തട്ടി നിയന്ത്രണം വിട്ട് റോഡില്‍ വീണ ബൈക്ക് യാത്രക്കാരന് പിന്നാലെ എത്തിയ ബസ് കയറി മരിച്ചു. മാധവന്‍പടി, റബര്‍ ബോര്‍ഡ് റോഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂര്‍, ഒക്കല്‍, കപ്രക്കാട്ടില് കെആര്‍ ജോയി (52) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം. താന്നിക്കല്പടിയില് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റബര്‍ ഫാക്ടറി മാനേജരാണ് ജോയി. ഫാക്ടറിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജോയി. മാധവന്‍പടി ഭാഗത്താണ് ബൈക്ക് കാറില്‍ തട്ടി നിയന്ത്രണം വിട്ടത്.
കാറിന്റെ അല്പം മുന്പിലേക്കു തെറിച്ചു വീണ ജോയിയുടെ ശരീരത്തില്‍ പിന്നാലെ വന്ന ബസിന്റെ മുന്‍ചക്രം കയറുകയായിരുന്നു. ഉടന്‍ മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: രശ്മി. മക്കള്‍: മീര, മേഘ എന്നിവരാണ്.
കാറും കോട്ടയം-എസ്എന്‍ പുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസും പോലീസ് പിടിച്ചെടുത്തു. നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ ബൈക്ക് ഇതില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നോ എന്ന് അന്വേഷിച്ച് വരികയാണെന്ന് മണര്‍കാട് പോലീസ് അറിയിച്ചു.
അതേസമയം, ഭക്ഷണം വാങ്ങി കാറില്‍ കയറിയപ്പോഴാണ് അപകടമുണ്ടായതെന്നും കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനു മുന്‍പേ ബൈക്ക് കാറില്‍ തട്ടിയെന്നുമാണ് കാര്‍ ഉടമ പറയുന്നത്.