എരുമേലി: തള്ളപ്പന്നിയുടെ തേറ്റ കൊണ്ടു മുറിവേറ്റ് ശ്വാസകോശം വാരിയെല്ലു വഴി പുറത്തേക്കു വന്ന പന്നിക്കുഞ്ഞിന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ പുനര്ജന്മം നല്കി ഡോക്ടര്‍. ശസ്ത്രക്രിയസമയത്ത് ജീവന് നിലനിര്ത്തിയതെങ്ങനെയെന്ന് അത്ഭുതപ്പെട്ട് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. നെല്സന്.
മുണ്ടപ്പള്ളി പാഴൂര്‍ അനിയുടെ വീട്ടിലെ തൊഴുത്തിലുണ്ടായ പന്നിക്കുഞ്ഞിനാണു ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം കുത്തേറ്റത്. രാത്രി 10നായിരുന്നു പ്രസവം. തള്ളയ്ക്കും കുഞ്ഞുങ്ങള്‍ക്കും വെളുപ്പിനു 2 വരെ വീട്ടുകാര്‍ കാവലിരുന്നു. എന്നാല്‍ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോള്‍ കാണുന്നത് ശ്വാസകോശം വാരിയെല്ലു വഴി പുറത്തേക്ക് തള്ളിയ നിലയില്‍ വേദനകൊണ്ടു പിടയുന്ന പന്നിക്കുഞ്ഞിനെയാണ്.
പറത്താനം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. വാഹനത്തിലെത്തിച്ച പന്നിക്കുഞ്ഞിന് അപ്പോള്‍ 12 മണിക്കൂര്‍ പ്രായം പോലും ആയിട്ടില്ല. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ ശ്വാസകോശം വാരിയെല്ലു വഴി അകത്താക്കി. പിന്നീടു തുന്നിക്കെട്ടി.
പക്ഷെ എങ്ങനെ പന്നിക്കുഞ്ഞ് മണിക്കൂറുകളോളം ജീവന് നിലനിര്‍ത്തിയെന്ന് ഡോക്ടര്‍ അത്ഭുതപ്പെടുന്നു. മനുഷ്യന് അടക്കമുള്ള ജീവികളില്‍ ശ്വാസകോശവും ഹൃദയവുമുള്പ്പടെയുള്ള അവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത് തൊറാസിക് കാവിറ്റി എന്ന അറയിലാണ്. നെഗറ്റീവ് പ്രഷര്‍ എന്ന അവസ്ഥയിലാണ് ഇവയുടെ നിലനില്പ്. മുറിവോ മറ്റോ സംഭവിച്ച് പുറത്തു നിന്നുള്ള വായു അകത്തേക്കു കടന്നാല്‍ ബോധം മറഞ്ഞ് തല്‍ക്ഷണം മരണം സംഭവിക്കും. ആ കുഞ്ഞുജീവനില് അങ്ങനെ സംഭവിച്ചില്ലെന്ന് ഡോ.നെല്‍സണ്‍ പറയുന്നു. അതാണു അദ്ഭുതം…!