വൈക്കം: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി വൈക്കംകാരി. ചിരട്ടയില്‍ മനോഹരമായ നിലവിളക്ക് മെനഞ്ഞെടുത്ത് അംബികയാണ് ഇത്തവണ വനിതാദിനത്തില്‍ താരമായത്. വൈക്കം കിഴക്കേനട, കൊപറമ്പില് മണിമന്ദിരത്തില്‍ അംബിക(63) യുടെ കരവിരുതില്‍ വിരിഞ്ഞ നിലവിളക്കാണ് പ്രധാനമന്ത്രിയുടെ മനം കവര്‍ന്നത്.
വൈക്കം നഗരസഭയിലെ കുടുംബശ്രീ ഗ്രൂപ്പുകളില്‍നിന്ന് തിരഞ്ഞെടുത്ത കരകൗശലവസ്തുക്കള്‍ തിരുവനന്തപുരത്ത് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എക്സിബിഷനില്‍ ഏറെ തിളങ്ങിയത് അംബികയുടെ കരവിരുതില്‍ തീര്‍ത്ത നിലവിളക്കായിരുന്നു. നിര്മാണചാതുരികൊണ്ട് കമനീയമായ വിളക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതേക്കുറിച്ച് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിളക്ക് കണ്ട പ്രധാനമന്ത്രി ചിരട്ടയില്‍ തീര്‍ത്ത നിലവിളക്ക് വാങ്ങുകയും അംബികയെ അഭിനന്ദിക്കുകയും ചെയ്തു. അത് വാങ്ങിയതായി കാണിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റും വന്നു.
വൈക്കം ചാലപറമ്പ് ശിവശക്തി കുടുംബശ്രീ യൂണിറ്റിലെ അംഗമാണ് അംബിക. റവന്യൂ വകുപ്പില്‍നിന്ന് വിരമിച്ച ഭര്‍ത്താവ് വിജയന് നായരില്‍നിന്നാണ് അംബിക ചിരട്ടയില്‍ കരകൗശല വസ്തുക്കളുണ്ടാക്കാന്‍ പഠിച്ചത്. സമയം കിട്ടുമ്പോഴൊക്കെ ഇരുവരും ചിരട്ടയില്‍ പലയിനം കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നത് പതിവാണ്.
നല്ലയിനം ചിരട്ടകള്‍ തരപ്പെടുത്തി അതില്‍ തീര്‍ത്ത ഉത്പന്നങ്ങളുടെ ഒരു വലിയ ശേഖരം തന്നെ വീടിന്റെ പൂമുഖത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിരട്ടയില്‍ തീര്‍ത്ത അലങ്കരദീപങ്ങള്, മൂന്ന് തലയുള്ള വിളക്കുകള്‍, ശൂലം, ചിത്രശലഭങ്ങള്‍, പുഷ്പങ്ങളുടെ കൂട്ടം അങ്ങനെ നിരവധി ഇനങ്ങള്‍ അംബികയുടെ വീട്ടില്‍ കാണാം.
ചിരട്ടവിളക്ക് നിര്‍മിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് അംബികയും കുടുംബവും. പ്രധാനമന്ത്രിയുടെ അഭിനന്ദനം വൈക്കം നഗരസഭയ്ക്കും അഭിമാനമായി. വൈക്കം നഗരസഭയുടെ നിയന്ത്രണത്തിലുള്ള കുടുംബശ്രീയില്‍പ്പെട്ട അംഗമാണ് അംബിക. അംബികയുടെ കരകൗശല നിര്‍മാണം നഗരസഭയുടെ പെരുമയും ഉയര്‍ത്തി.
ചെയര്‍പേഴ്സണ്‍ രേണുകാ രതീഷും വൈസ് ചെയര്മാന് പിറ്റി സുഭാഷും അംബികയുടെ വീട്ടിലെത്തി ചിരട്ടയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഏബ്രാഹം പഴയകടവനും അഭിനന്ദനം അറിയിച്ചു. ഇരുപത് മാസം നീണ്ട പ്രയത്നത്തിലാണ് ഒരടി ഉയരമുള്ള നിലവിളക്ക് മനോഹാരിതയോടെ അംബിക പൂര്‍ത്തിയാക്കിയത്.