കോട്ടയം: കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്തു ഒരു സംഘം ജില്ലയിലെ മുതുകോരമലയിലേക്ക് വിനോദയാത്ര പോയി. എന്തായാലും സംഭവം അടിപൊളിയായി. കെഎസ്ആർടിസി ഫാൻസ് ടീമായ ഐ ലവ് മൈ ആനവണ്ടി അംഗങ്ങളാണ് ഞായറാഴ്ച പൂഞ്ഞാർ കൈപ്പള്ളിയിലെ മുതുകോരമലയിലേക്ക് കെഎസ്ആർടിസി ബസിൽ വിനോദ യാത്ര നടത്തിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 58 ആനവണ്ടി പ്രേമികൾ യാത്രയ്ക്കായി കോട്ടയം ഡിപ്പോയിൽ എത്തിയിരുന്നു. കൺട്രോളിങ് ഇൻസ്പെക്ടർ കെ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. സ്പെഷൽ അസി പ്രമോദ് രാധാകൃഷ്ണൻ പങ്കെടുത്തു. കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്തു ടീം നടത്തുന്ന യാത്ര ആദ്യമാണെന്ന് ഭാരവാഹി സോണി കുരിശുങ്കൽ പറഞ്ഞു.
ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള മലയാണ് മുതുകോര മല. കോട്ടയത്തിന് സമീപമുള്ള ജില്ലകളിലെയും പാലാ കാഞ്ഞിരപ്പളളി എന്നീ ടൗണുകളിലെയും പ്രകൃതിഭംഗി മലയിൽ നിന്നു കാണാനാകും. കൈപ്പള്ളിയിൽ നിന്നു ജീപ്പിലായിലുന്നു മലയിലേക്ക് യാത്ര.
യാത്രയ്ക്കായി കെഎസ്ആർടിസി ബസ് വാടകയ്ക്ക് ലഭിക്കാൻ
അവധി ദിവസങ്ങളിലാണ് ബസ് അനുവദിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 2 ദിവസം മുൻപ് അതാത് ഡിപ്പോ അധികാരികൾക്ക് അപേക്ഷ നൽകണം. അപേക്ഷയിൽ പുറപ്പെടുന്ന സമയവും തിരികെവരുന്ന സമയവും കാണിക്കണം. കിലോമീറ്ററും സമയവും അനുസരിച്ചാണ് വാടക നൽകേണ്ടത്. വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
5 മണിക്കൂർ 100 കീലോമീറ്ററിന് 8000 രൂപ, 6 മണിക്കൂർ 150 കിലോമീറ്റർ-10000 രൂപ, 8 മണിക്കൂർ 200 കിലോമീറ്റർ-12,000 രൂപ, 8 മണിക്കൂറിനും 200 കിലോമീറ്ററിനു മുകളിൽ 15,000 രൂപയും നൽകണം. ഇതിനു പുറമേ ജിഎസ്ടിയും നൽകണം. നിശ്ചയിച്ച സമയത്തിലും കൂടുതൽ ചെലവഴിച്ചാൽ മണിക്കൂറിന് 500 രൂപ അധികം നൽകേണ്ടിവരും. ഡിപ്പോയിലെ ഡ്രൈവറാണ് ബസ് ഓടിക്കുന്നത്. അവശ്യമെങ്കിൽ കണ്ടക്ടറുടെ സേവനവും ഉണ്ടായിരിക്കും.