നെടുംകുന്നം: പരിമിതികള്‍ തടസ്സമാകില്ല, അരയ്ക്ക് താഴേക്ക് തളര്‍ന്ന റോസ്മിയുടെ തുടര്‍പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഒന്‍പതാം വയസ്സില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയ കറുകച്ചാല്‍ മാന്തുരുത്തി സ്വദേശിയായ റോസ്മി പി ജോസഫ് എന്ന ഇരുപത്തഞ്ചുകാരിക്കാണ് തുടര്‍ പഠനത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.
ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് ഓട്ടമാറ്റിക് വീല്‍ ചെയര്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് റോസ്മി സന്ത്വനസ്പര്ശം അദാലത്തില്‍ എത്തിയത്. റോസ്മിയുടെ തുടര്‍ പഠനമെന്ന സ്വപ്നം ചോദിച്ചറിഞ്ഞ മന്ത്രി കെ കൃഷ്ണന് കുട്ടി അപേക്ഷ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായവും അനുവദിച്ചു.
പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് റോസ്മി. കൈകള്‍ക്കു ബലക്കുറവുള്ളതിനാല്‍ സാധാരണ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ പ്രയാസമാണ്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് റോസ്മി അദാലത്തില്‍ എത്തിയത്. അംഗ പരിമിതര്‍ക്കുള്ള ക്ഷേമ പെന്ഷന് ലഭിക്കുന്നത് ചികിത്സാ ചെലവിന് പ്രയോജനപ്പെടുന്നുണ്ടെന്ന് റോസ്മി പറഞ്ഞു.
സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷയിലൂടെ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു വരെ പൂര്‍ത്തിയാക്കിയ റോസ്മി ഇഷ്ട വിഷയമായ ഇക്കണോമിക്സ് എടുത്ത് ബിരുദത്തിനു ചേരാനാണ് ഉദേശിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞയാകണമെന്നാണ് റോസ്മിയുടെ ആഗ്രഹം. ഇത്രയും നാള് വീട്ടിലിരുന്നാണ് പഠിച്ചത്. ഓട്ടോമാറ്റിക് വീല്‍ചെയര്‍ ലഭിക്കുകയാണെങ്കില്‍ കോളജില്‍ റഗുലര്‍ ബാച്ചില്‍ ചേരാനാകുമെന്ന പ്രതീക്ഷയിലാണ് റോസ്മി.