കോട്ടയം: ഹോട്ടലിൽ എത്തി ചായ കുടിച്ച ശേഷം പതിവുപോലെ ലോട്ടറി ടിക്കറ്റും വാങ്ങിച്ചു. പക്ഷെ അന്ന് ചായയ്ക്കൊപ്പം ദേ ഭാഗ്യവും കൂടെപോന്നു..! പാത്താമുട്ടം കാരയ്ക്കാട്ടു കരോട്ട് കെഎ ജയമോനാണ് കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
കാർപെന്ററി തൊഴിലാളിയായ ജയമോൻ ദിവസവും വൈകുന്നേരം നെല്ലിക്കൽ കവലയിൽ സുഹൃത്ത് ബിനുവിന്റെ ഉപ്പും മുളകും ഹോട്ടലിൽ ചായ കുടിക്കാൻ എത്താറുണ്ട്. മിക്കവാറും ലോട്ടറിയും വാങ്ങും. കഴിഞ്ഞ ദിവസം 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിരുന്നു. ഇതിൽ ‘എവി-248225’ എന്ന നമ്പറിനാണു ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാമത്തെ ടിക്കറ്റും വെറുതെയായില്ല, അതിന് 8000 രൂപയും ലഭിച്ചു. ഭാര്യ സുമയും 2 മക്കളും ഉൾപ്പെടുന്നതാണ് ജയമോന്റെ കുടുംബം. നല്ലൊരു വീട് പണിയണം എന്നാണ് ആഗ്രഹം. ബാങ്കിൽ നിന്നു വായ്പയെടുത്തു വാങ്ങിയ ചെറിയ വീട്ടിലാണു ഇപ്പോൾ താമസം.