കറുകച്ചാല്‍: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തളര്‍ന്നു വീണ അവരെ സഹായിക്കാനെത്തിയ അയല്‍വാസികള്‍ക്കു നേരെയും വാക്കത്തി വീശി. കേസില്‍ സ്ത്രീയുടെ ഭര്‍ത്താവ് നെടുംകുന്നം പൊങ്ങന്‍പാറ സതീഷിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാര്യ പ്രിന്‍സി (40) കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ സതീഷ് പ്രിന്‍സിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് ആഴത്തില്‍ വെട്ടിയെന്നുമാണ് കേസ്.
വെട്ടേറ്റ പ്രിന്‍സി രക്തം വാര്‍ന്ന് അബോധാവസ്ഥയിലായി. മകളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ക്കു നേരെയും സതീഷ് വാക്കത്തി വീശുകയായിരുന്നു.
പിന്നീട് ഇയാള്‍ പോയപ്പോഴാണ് അയല്‍വാസികള്‍ ചേര്‍ന്ന് പ്രിന്‍സിയെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് പൊങ്ങന്‍പാറയില്‍ നിന്നും സതീഷിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ സതീഷിനെ റിമാന്‍ഡ് ചെയ്തു.