ഏറ്റുമാനൂര്‍: ചിക്കന്‍ ഫ്രൈ കിട്ടാത്ത ദേഷ്യത്തില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ചു യുവാവ്. വടിവാള്‍ വീശി ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണം അപഹരിച്ച് കടന്നുകളഞ്ഞു.
ഞായറാഴ്ച രാത്രി 12ന് എംസി റോഡില്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംക്ഷനു സമീപം താരാ ഹോട്ടലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ അമ്മഞ്ചേരി നാല്പാത്തിമല സ്വദേശി ക്രിസ്റ്റിക്ക് (ജംപര്‍ ക്രിസ്റ്റി- 26) എതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
ചിക്കന്‍ ഫ്രൈ ചോദിച്ചാണ് ഇയാള്‍ കടയില്‍ എത്തിയത്. ഭക്ഷണം തീര്‍ന്നെന്നും ഹോട്ടല്‍ അടയ്ക്കാന്‍ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞു. ഇതോടെ അസഭ്യം പറഞ്ഞ് വടിവാളു വീശി കടയിലേക്കു കയറിയ പ്രതി മേശയ്ക്കു മുകളില്‍ വിരിച്ച ഗ്ലാസ് തകര്‍ത്തു. രാജുവിനും ജീവനക്കാര്‍ക്കും നേരെ വടിവാള്‍ വീശി. ഹോട്ടലിലെ വെട്ടുകത്തി കൈക്കലാക്കി ജീവനക്കാരെ വെട്ടാന്‍ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.
ഇതോടെ ജീവനക്കാര്‍ ഇറങ്ങിയോടി. കാഷ് കൗണ്ടറില്‍ നിന്നു പണം തട്ടിയ ശേഷം, ഹോട്ടലിനു സമീപം കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്.
പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂര്‍ പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാളെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ സിആര്‍ രാജേഷ് കുമാര്‍ പറഞ്ഞു. പരുക്കേറ്റ രാജു, ജീവനക്കാരന് തമിഴ്നാട് സ്വദേശി വിജയ് (41) എന്നിവര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടല്‍ കഴുകി വൃത്തിയാക്കുന്നത് പതിവാണെന്നും അതിനാലാണ് അടയ്ക്കാന്‍ താമസിച്ചതെന്നും രാജു പറഞ്ഞു.
അതേസമയം, ഗുണ്ടാ അക്രമത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് ഇന്നു കടയടപ്പു സമരം നടത്തും. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു യൂണിറ്റ് പ്രസിഡന്റ് എന്‍പി തോമസ് ആവശ്യപ്പെട്ടു.